കലാശക്കൊട്ട് ദിനത്തിലും കൂളായി വി.ഡി. സതീശൻ

Wednesday 08 April 2026 12:34 AM IST

കൊച്ചി: കലാശക്കൊട്ട് ദിനത്തിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂൾ. പറവൂർ മാർക്കറ്റിൽ രാവിലെ ആരംഭിച്ച അവസാനവട്ട പ്രചാരണം മുതൽ വൈകിട്ട് കലാശക്കൊട്ടു വരെ സജീവമായി.

രാവിലെ ആറരയോടെ പറവൂർ മാർക്കറ്റിൽ സതീശനെത്തി. വ്യാപാരികളോടും. സാധനങ്ങൾ വാങ്ങാനെത്തിയവരോടും കുശലം പറഞ്ഞു. പച്ചക്കറിക്കും പലചരക്കിനും വില വർദ്ധിച്ചതിന്റെ പരാതി ചിലർ പറഞ്ഞു. യു.ഡി.എഫ് ഭരണം വരട്ടെ, വില പിടിച്ചു നിറുത്താമെന്ന് ചിരിയോടെ ആശ്വസിപ്പിച്ചു. മാർക്കറ്റിലെ കടകളിലെല്ലാം കടന്നു ചെന്ന് കച്ചവടക്കാരോടും തൊഴിലാളികളോടും സംസാരിച്ചു.

സതീശനെ തങ്ങളിൽ ഒരാളായാണ് വ്യാപാരികൾ വരവേറ്റത്. വാഴക്കുലയും കൈതച്ചക്കയും സമ്മാനിച്ചു. പതിവായി കയറുന്ന കടയിൽ നിന്ന് ചായയും കുടിച്ചാണ് മടങ്ങിയത്.

വരാപ്പുഴ ശ്രീവരാഹം ക്ഷേത്രത്തിലാണ് പിന്നീടെത്തിയത്. പ്രാർത്ഥിച്ച് പ്രസാദവും വാങ്ങി മടങ്ങി. കോട്ടുവള്ളി, കൈതാരം എൻ.എസ്.എസ് കരയോഗങ്ങളുടെ ഓഫീസുകൾ സന്ദർശിച്ചു. കരയോഗം ഭാരവാഹികളെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.

വരാപ്പുഴ, പറവൂർ പ്രദേശങ്ങളിലെ വിവിധ സ്ഥാപന ഉടമകൾ, ജീവനക്കാർ എന്നിവരോട് അവസാനവട്ട വോട്ടഭ്യർത്ഥന നടത്തി. .ഉച്ചയോടെ എം.എൽ.എ ഓഫീസിലെത്തി. യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുമെന്ന് ആവർത്തിച്ച അദ്ദേഹം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഢിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിന് മറുപടി നൽകി..

പര്യടനത്തിനിടയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും വിളികളെത്തി. അവയ്‌ക്ക് മറുപടിയും നിർദ്ദേശങ്ങളും നൽകി.

പറവൂർ നമ്പൂരിച്ചനാൽ പരിസരത്തായിരുന്നു യു.ഡി.എഫ് കലാശക്കൊട്ട് . വൈകിട്ട് നാലു മുതൽ പ്രവർത്തകർക്ക് ആവേശം വിതറി പങ്കാളിയായി.