അതിവേഗം വോട്ടുതേടി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പരസ്യപ്രചാരണത്തിന്റെ സമാപനദിവസമായ ഇന്നലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഴുവൻ സമയവും നേമത്ത് അങ്ങോളമിങ്ങോളം ഓടിനടന്നു. തെക്ക് കിഴക്കേ അറ്റത്ത് തിരുമല മുതൽ വടക്കുപടിഞ്ഞാറ് തിരുവല്ലം വരെ വിവിധ സ്ഥലങ്ങളിൽ പ്രചാരണത്തിനെത്തി. രാവിലെ ഏഴരയ്ക്ക് വെള്ളയമ്പലത്തെ വീട്ടിൽ നിന്നിറങ്ങിയ രാജീവ് ചന്ദ്രശേഖർ നേരെ കാരയ്ക്കാമണ്ഡഡപത്തിലേക്കാണ് പോയത്. കൂടെ സംസ്ഥാന നേതാക്കളായ പത്മിനി തോമസും അബ്ദുൽ സലാമും ഉണ്ടായിരുന്നു. അവിടെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും പ്രമുഖ വ്യക്തികളുമായി കൂടികാഴ്ച നടത്തിയശേഷം എട്ടരയോടെ കൈമനത്തെത്തി. അവിടെയും നിരവധി പ്രവർത്തകർ കാത്തുനിന്നിരുന്നു. അവർക്കൊപ്പം റസിഡന്റ്സ് കോളനിയിലെത്തി. അവിടെ അപ്പോഴേക്കും വീട്ടുകാരെല്ലാം വീടിന് പുറത്തെത്തി വൻ ആൾക്കൂട്ടമായി മാറിയിരുന്നു. അവിടെ നിന്ന് വെള്ളായണിയിലെ വിദ്യാധിരാജ ഹോമിയോ കോളേജിലേക്കാണ് പോയത്. അവിടത്തെ ജീവനക്കാരുമായി കൂടികാഴ്ച നടത്തിയശേഷം പൂജപ്പുരയിൽ മടങ്ങിയെത്തി. മുടവൻ മുകളിലും പൂജപ്പുരയ്ക്കും ഇടയിലുള്ള പട്ടികജാതി കോളനിയിലെ ദുരിതസാഹചര്യം നേരിട്ടുകണ്ടു. അവിടത്തെ മാലിന്യ പ്രശ്നവും ഡ്രയിനേജ് പ്രശ്നങ്ങളും മനസിലാക്കി. ചെങ്കളൂരിലെ പമ്പിംഗ് പ്രശ്നമാണവിടെ ഡ്രയിനേജ് പ്രശ്നമുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അവരെ ആശ്വസിപ്പിച്ചശേഷം തൈക്കാടുള്ള ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ എത്തി വാർത്താസമ്മേളനം നടത്തി.
ശബരിമല പ്രശ്നത്തിൽ സർക്കാരിന്റെ നിലപാട് മാറ്റവും ഭക്തരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാത്തതുമായിരുന്നു വിഷയം. വീണ്ടും പ്രചാരണത്തിനിറങ്ങി. വൈകിട്ട് മൂന്നു മണിയോടെ കരമന ജംഗ്ഷനിൽ നിന്ന് റോഡ് ഷോ തുടങ്ങി. നിരവധി ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടെ തുടങ്ങിയ റോഡ് ഷോ പൂജപ്പുര,തിരുമല വഴി ആർ.എസ്.എസ് ശക്തികേന്ദ്രമായ തൃക്കണ്ണാപുരത്തെത്തി. അവിടെ ചെറിയ പ്രസംഗം. അതിനുശേഷം വാഹനനിര നേരെ നേമം ജംഗ്ഷനിലേക്കു നീങ്ങി. അവിടയെത്തിയപ്പേഴേക്കും ബൈക്കുകളുടെ എണ്ണവും പ്രവർത്തകരും കൂടി. പിന്നീട് പാപ്പനംകോട് വഴി കരുമം ജംഗ്ഷനിലെത്തി. അവിടെ കാവടി, തെയ്യം,വാദ്യമേളക്കാർ എന്നിവ റോഡ് ഷോയിലേക്ക് ചേർന്ന് വൻ റാലിയായി മാറി. അത് തിരുവല്ലം ജംഗ്ഷനിൽ എത്തിയപ്പോഴേക്കും ജനസഞ്ചയമായി. വൈകിട്ട് ആറിന് കൂറ്റൻ കൊട്ടിക്കലാശത്തോടെ സംസ്ഥാന ബി.ജെ.പി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം.