പെട്രോള്‍ വില വര്‍ദ്ധിക്കുമെന്ന ഭയം നേട്ടമാക്കിയത് ഇക്കൂട്ടര്‍; വന്‍ കുതിപ്പില്‍ മറിഞ്ഞത് കോടികള്‍

Tuesday 07 April 2026 11:38 PM IST

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ കഴിഞ്ഞ ഒരു മാസമായി നിലനില്‍ക്കുന്ന യുദ്ധ സാഹചര്യം വിവിധ മേഖലകളില്‍ പ്രതിസന്ധിക്ക് കാരണമായി. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടം അപ്രതീക്ഷിതമായി പല മേഖലകള്‍ക്കും കുതിപ്പ് സമ്മാനിക്കുകയും ചെയ്തു. യുദ്ധം രൂക്ഷമായപ്പോള്‍ ലോകത്തെ ഇന്ധന വിതരണം അപ്പാടെ ക്രമം തെറ്റിയിരുന്നു. ഇതോടെ പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്നു. ഈ സാഹചര്യം ഇന്ത്യയില്‍ നേട്ടമാക്കിയതാകട്ടെ ഇലക്ട്രിക് വാഹന വിപണിയും.

24.6 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, പാസഞ്ചര്‍- വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പന വര്‍ഷം തോറുമുള്ള കണക്കില്‍ നിന്ന് വ്യത്യസ്തമായി, 24.6 ശതമാനം വര്‍ദ്ധിച്ച് 24.52 ലക്ഷം യൂണിറ്റില്‍ എത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ എത്തിയപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡേറിയത്.

ക്രൂഡ് ഓയില്‍ എറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ കുതിച്ച് ചാട്ടമാണ് സംഭവിച്ചത്. ഇന്ധനവില വര്‍ദ്ധനവും ഇന്ധന ക്ഷാമവും ഇലക്ട്രിക് വാഹനത്തിലേയ്ക്ക് ആളുകളെ എത്തിപ്പിച്ചു. ഭാവിയില്‍ നേരിടാന്‍ സാദ്ധ്യതയുള്ള ഇന്ധന പ്രതിസന്ധിക്ക് മുന്നോടിയായുള്ള ഒരു തയ്യാറെടുപ്പെന്ന നിലയിലും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ ഇത് ഇലക്ട്രിക് വാഹന വിപണിയെ കൂടുതല്‍ കുതിപ്പിന് സഹായിച്ചേക്കും.