സുപ്രീംകോടതി സ്റ്റേയും വകവയ്ക്കുന്നില്ല, വെള്ളാനയായി കേന്ദ്ര ഏജൻസികളെ പൂട്ടാനുള്ള കമ്മിഷൻ

Wednesday 08 April 2026 12:15 AM IST

തിരുവനന്തപുരം: കേന്ദ്രഅന്വേഷണ ഏജൻസികളെ 'പൂട്ടാൻ' സർക്കാർ നിയോഗിച്ച ജുഡി​ഷ്യൽ കമ്മിഷനെ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും അതിന്റെ പ്രവർത്തനത്തിന് ഖജനാവിൽ നിന്നൊഴുക്കുന്നത് കോടികൾ. ഹൈക്കോടതി റിട്ട.ജസ്റ്റിസ് വി.കെ.മോഹനനും ജുഡി​ഷ്യൽ ഉദ്യോഗസ്ഥരും ഒമ്പത് സ്റ്റാഫുമടങ്ങിയ കമ്മിഷനായി നാലുവർഷം കൊണ്ട് ചെലവിട്ടത്2.792കോടി രൂപ. ഒമ്പത് തവണ കാലാവധി നീട്ടി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)അടക്കം കേന്ദ്രഏജൻസികൾക്കെതിരായ അന്വേഷണത്തിന് കമ്മിഷന് അധികാരമില്ലെന്ന് കോടതികൾ വ്യക്തമാക്കിയിട്ടും 2021മാർച്ചിൽ മന്ത്രിസഭായോഗതീരുമാനപ്രകാരം രൂപീകരിച്ച കമ്മിഷൻ തുടരുകയാണ്. 2020ജൂലായ് മുതൽ കേന്ദ്രഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനാണ് മോഹനൻ കമ്മിഷനെ നിയോഗിച്ചത്. 2021മേയിൽ കമ്മിഷനെ നിയോഗിച്ച് വിജ്ഞാപനമിറക്കി. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്നയും സന്ദീപ്‌നായരും വെളിപ്പെടുത്തിയതിനെ തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്.

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾതേടി കമ്മിഷൻ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. എന്നാൽ, കാര്യമായ ഫലമുണ്ടായില്ല. ജുഡിഷ്യൽ കമ്മിഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും സർക്കാർ അത് നീക്കിയെടുത്തു. ഇ.ഡി പിന്നീട് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ നേടി. ഇത് നിലനിൽക്കവേയാണ് കമ്മിഷന്റെ കാലാവധി നീട്ടിയത്. ഇ.ഡി സ്റ്റേ നേടിയതിനെതിരായ സർക്കാരിന്റെ അപ്പീൽ ഇപ്പോൾ സുപ്രീംകോടതിയിലുണ്ട്. അപ്പീലിന്റെ ബലത്തിലാണ് കമ്മിഷന്റെ കാലാവധി നീട്ടിനൽകുന്നത്.

കമ്മിഷനായി ചെലവിട്ടത്

2021-22--------------38.57ലക്ഷം

2022-23--------------70.65ലക്ഷം

2023-24--------------65.42ലക്ഷം

2024-25--------------104.54ലക്ഷം