ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു:പാപ്പാന് ദാരുണാന്ത്യം

Wednesday 08 April 2026 12:43 AM IST

കോങ്ങാട്: തടുക്കശ്ശേരിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാന് ദാരുണാന്ത്യം.കൊല്ലങ്കോട് ആനമാറി കണ്ടംചിറ വീട്ടിൽ മാധവന്റെ മകൻ എം.രാമനാണ്(22) മരിച്ചത്. കൊല്ലങ്കോട് നണ്ടൻകിഴായ ശശിധരന്റെ ഉടമസ്ഥതയിലുള്ള ബ്രാഹ്മണി വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞത്.

തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടു വന്ന ആനയെ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ കുളിപ്പിക്കാനായി നിറുത്തിയിരിക്കുകയായിരുന്നു. ആന പെട്ടന്ന് പ്രകോപിതനാവുകയും തുമ്പിക്കൈ ഉയർത്തിയതോടെ കിണറിനു സമീപത്ത് നിന്ന പാപ്പന്റെ മേൽ തട്ടുകയുമായിരുന്നു. ഇതോടെ പാപ്പാൻ കിണറിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വിരണ്ടോടിയ ആന തൊടുത്ത വീടുകളിലേക്ക് ഓടാൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും എലിഫന്റ് സ്‌ക്വാഡും പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചു.