മലയാളി നഴ്സുമാരെ വീണ്ടും പുകഴ്‌ത്തി രാഹുൽ

Wednesday 08 April 2026 12:49 AM IST

ന്യൂഡൽഹി: മലയാളി നഴ്സുമാർക്ക് ലോകമെങ്ങും സ്വീകാര്യത ലഭിക്കുന്നത് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മനുഷ്യവികസനം എന്നിവയിൽ കേരളമുണ്ടാക്കിയ നേട്ടങ്ങൾ മൂലമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മലയാളി നഴ്സുമാരെ വ്യത്യസ്‌തരാക്കുന്ന കഠിനാദ്ധ്വാനം, സത്യസന്ധത, സഹാനുഭൂതി എന്നിവ കേരളത്തിന്റെ സാമൂഹിക ഘടനയിൽ ആഴത്തിൽ ഉൾച്ചേർന്ന മൂല്യങ്ങളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമായിരുന്നു പ്രതികരണം.

നഴ്‌സുമാരാണ് ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ അടിത്തറ. അവരുടെ സമർപ്പണം, നിസ്വാർത്ഥത, സഹാനുഭൂതി എന്നിവയാണ് കുടുംബാംഗങ്ങളുടെ പരിചരണം നഴ്സുമാരെ വിശ്വസിച്ച് ഏൽപ്പിക്കാൻ ധൈര്യം നൽകുന്നത്. അവർ വൈദ്യശാസ്ത്രത്തിന്റെ മാനുഷിക മുഖമാണ്. കഴിഞ്ഞദിവസം സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡൽഹി ഗംഗാറാം ആശുപത്രിയിലെ മലയാളി നഴ്സുമാരെ പരിചയപ്പെട്ടപ്പോഴുള്ള നല്ല അനുഭവങ്ങളും രാഹുൽ വിവരിച്ചിരുന്നു.