ഇടമലക്കുടിയിലെ വോട്ടെടുപ്പ് ഉദ്യോഗസ്ഥർ ഇന്ന് പുറപ്പെടും

Wednesday 08 April 2026 1:04 AM IST

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വോട്ടുറപ്പിക്കാൻ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ പുറപ്പെടും.

മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെ കൊടുംവനത്തിലാണ് ഇടമലക്കുടി. ദേവികുളം മണ്ഡലത്തിൽപ്പെട്ട ഇവിടെ 1264 വോട്ട‌ർമാരാണുള്ളത്.

തിരഞ്ഞെടുപ്പ് സാമഗ്രികൾക്കൊപ്പം ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളുമായാണ് ഉദ്യോഗസ്ഥരുടെ യാത്ര. സാധാരണ ബൂത്തുകളിൽ ഒരു തിരഞ്ഞെടുപ്പ് കിറ്റാണ് നൽകുന്നത്. പക്ഷേ ഇടമലക്കുടിയിലേക്ക് രണ്ട് കിറ്റ് നൽകും. ഇടമലക്കുടി പ്രൈമറി സ്‌കൂൾ, പരപ്പയാർകുടി ഇ.ഡി.സി സെന്റർ, മുളകുതറകുടി കമ്മ്യൂണിറ്റി ഹാൾ എന്നീ പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. ഇതിൽ ആദ്യ രണ്ട് സ്റ്റേഷനുകളിലും മഴയില്ലാത്തതിനാൽ വാഹനമെത്തും.

പരപ്പയാ‌ർകുടിയിലെത്താൻ രണ്ടര മണിക്കൂർ കൊടുംകാട്ടിലൂടെ നടക്കണം. വന്യമൃഗങ്ങളുടെ ശല്യത്തെയടക്കം അതിജീവിച്ചുവേണം ഉദ്യോഗസ്ഥർ അവിടെയെത്താൻ. പരപ്പയാ‌ർകുടിയിലും മുളകുതറകുടിയിലും വൈദ്യുതിയില്ല. ജനറേറ്റ‌റാണ് ആശ്രയം. എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ് വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. പക്ഷേ പ്രൈമറി സ്കൂളിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. മറ്റ് രണ്ടിടത്തും നെറ്റ്‌വ‌‌‌‌‌ർക്കില്ലാത്തതിനാൽ വീഡിയോ റെക്കാഡിംഗേ ഉണ്ടാകൂ.

പൊലീസിന്റെ വയ‌ർലെസ് സംവിധാനമാണ് ആശയവിനിമയത്തിന് ആശ്രയിക്കുന്നത്. ഒരു ബൂത്തിൽ മൈക്രോ ഒബ്സ‌ർവറടക്കം അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. ദു‌ർഘട പാതയായതിനാൽ യുവാക്കളെയാണ് ഇവിടെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കാറുള്ളത്. ഇതിനായി സാഹസികരായ ഉദ്യോഗസ്ഥ‌ർ സ്വയം മുന്നോട്ടുവരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഇടമലക്കുടിയെപ്പറ്റി പറഞ്ഞിരുന്നു.

ബൂത്തും വോട്ടും

1. ഇടമലക്കുടി പ്രൈമറി സ്കൂൾ- 763

2. ഇ.ഡി.സി സെന്റർ പരപ്പയാർകുടി- 186

3. കമ്മ്യൂണിറ്റി ഹാൾ മുളക് തറകുടി- 315