പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന്
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ഇനിയും വോട്ട് ചെയ്യാനായിട്ടില്ലെന്ന് പരാതി. ബാലറ്റ് പേപ്പറുകൾ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിക്കാത്തതിനാലാണ് വോട്ടിംഗ് നടക്കാത്തതെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവും ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാറും പറഞ്ഞു.
ഇവർക്ക് ഇന്ന് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പറുകൾ എത്തിച്ച് വോട്ടെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് പോകുന്ന തിരക്കിനിടയിൽ ഭൂരിപക്ഷം ജീവനക്കാർക്കും വോട്ടിടാനാകാത്ത അവസ്ഥയുണ്ടാകും.ഇത് സർക്കാർ ജീവനക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാകും.
എല്ലാ താലൂക്കുകളിലും വോട്ടിംഗ് ബൂത്തുകൾ സജ്ജീകരിച്ച് ജീവനക്കാർക്ക് വോട്ടവകാശം വിനിയോഗിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തണം. കേരളത്തിൽ വോട്ടുള്ള വിവിധ സേനാ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർ മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.അവർ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം മാത്രമേ മടങ്ങിയെത്തുകയുള്ളൂ. അവർക്ക് മുൻകാലങ്ങളിലെ പോലെ പോസ്റ്റൽ വോട്ട് ചെയ്യുവാനുള്ള അവസരം പുനഃസ്ഥാപിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.