പാലക്കാട് നല്ലവിളവ് പ്രതീക്ഷിച്ച് മുന്നണികൾ
പാലക്കാട്: കേരളത്തിൽ തിരഞ്ഞെടുപ്പ് ചൂടിന് തുടക്കമായത് കഴിഞ്ഞ മാർച്ചിലായിരുന്നെങ്കിൽ പാലക്കാട് ഒന്നരവർഷം മുമ്പേ തിരഞ്ഞെടുപ്പ് ആവേശത്തിലെത്തിയിരുന്നു. ഷാഫി പറമ്പിൽ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിന് വേദിയായി. മാസങ്ങൾക്ക് പിന്നാലെ തദ്ദേശതിരഞ്ഞെടുപ്പിനും സാക്ഷിയായി. ഇപ്പോൾ നിയമസഭയിലേക്കും വിധിയെഴുത്തിന് തയ്യാറെടുക്കുകയാണ് പാലക്കാട്. 16-ാം നിയമസഭയിലേക്കുള്ള പോരാട്ടത്തിന് കേരളം നിലമൊരുക്കും മുന്നേ വിത്തെറിഞ്ഞിരുന്നു പാലക്കാട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളാണ് ജില്ലയിൽ ഭൂരിഭാഗമെങ്കിലും ഇത്തവണ പാലക്കാടും തൃത്താലയും ഉൾപ്പെടെ കടുത്ത മത്സരമാണ് നടക്കുന്നത്. 12ൽ 11 സീറ്റുകളും ഇത്തവണ വിജയിച്ചു കയറുമെന്ന് കഴിഞ്ഞദിവസം സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു. സിറ്റിംഗ് സീറ്റുകളായ പാലക്കാടും മണ്ണാർക്കാടും ശക്തികേന്ദ്രങ്ങളായിരുന്ന തൃത്താലയിലും പട്ടാമ്പിയിലും യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. മന്ത്രി കൃഷ്ണൻകുട്ടി മാറിനിൽക്കുന്ന സാഹചര്യത്തിൽ ചിറ്റൂരിലും യു.ഡി.എഫ് പ്രതീക്ഷ വച്ചുപുലർത്തുന്നു. രണ്ടാംസ്ഥാനത്തുള്ള പാലക്കാടും മലമ്പുഴയിലും ബി.ജെ.പിയും വിജയപ്രതീക്ഷയിലാണ്.
പാലക്കാട്, ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല, മലമ്പുഴ, മണ്ണാർക്കാട്, നെന്മാറ, തരൂർ, ആലത്തൂർ, ചിറ്റൂർ, കോങ്ങാട് എന്നിങ്ങനെ പന്ത്രണ്ട് മണ്ഡലങ്ങളുൾപ്പെടുന്നതാണ് പാലക്കാട് ജില്ലയുടെ നിയമസഭാ ഭൂപടം. 2016ലെ തിരഞ്ഞെടുപ്പിൽ 12ൽ ഒമ്പതിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചിരുന്നു. 2021ൽ ഇത് യഥാക്രമം പത്തും രണ്ടുമായി. പാലക്കാടും മണ്ണാർക്കാടുമാണ് യു.ഡി.എഫ് വിജയിച്ചുകയറിയത്. ബി.ജെ.പിക്ക് ഇതുവരെ വിജയം കൈപ്പിടിയിലാക്കാനായില്ലെങ്കിലും പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. തുടർച്ചയായ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴയും ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നു. സിറ്റിംഗ് മണ്ഡലങ്ങളായ പാലക്കാടും മണ്ണാർക്കാടും നിലനിറുത്തി കൈവിട്ടുപോയ തൃത്താലയടക്കം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. എൽ.ഡി.എഫിൽ സി.പി.എം ഒമ്പത് മണ്ഡലത്തിലും സി.പി.ഐ രണ്ട് മണ്ഡലത്തിലുമാണ് ജില്ലയിൽ മത്സരിക്കുന്നത്. ഒരു മണ്ഡലത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി) മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസ് പത്ത് സീറ്റിലും ലീഗ് ഒരു സീറ്റിലും ഒരു സീറ്റിൽ കോൺഗ്രസ് സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. എൻ.ഡി.എയിൽ രണ്ട് സീറ്റിൽ ബി.ഡി.ജെ.എസും ബാക്കി സീറ്റുകളിൽ ബി.ജെ.പിയും ജനവിധി തേടുന്നു.