യുവാക്കളെ തട്ടിക്കൊണ്ടുപോയ 2 പ്രതികൾ കൂടി കീഴടങ്ങി
Wednesday 08 April 2026 1:18 AM IST
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽനിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി പണംകവർന്ന കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾകൂടി ഇന്നലെ കോടതിയിൽ കീഴടങ്ങി. പള്ളുരുത്തി പെരുമാൾപറമ്പ് സുമയ്യ മൻസിലിൽ പി.വൈ. ആദിൽ (23), തോപ്പുംപടി എം.എൻ താച്ചോ റോഡ് കൊച്ചുപള്ളി കുളങ്ങരപ്പറമ്പിൽ ക്രിസ്റ്റൽ ജോർജ് (28) എന്നിവരാണ്
കൊച്ചിയിലെ കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും ജുഡിഷ്യൽ കസ്റ്റഡിയിൽവിട്ടു. മറ്റൊരു പ്രതി അബു താഹിർ തിങ്കളാഴ്ച കീഴടങ്ങിയിരുന്നു.
ഇടുക്കി സ്വദേശി ആഷിഖിനെയും സുഹൃത്ത് റിയാസിനെയുമാണ് ഫെബ്രുവരി 12ന് രാത്രി വില്ലിംഗ്ടൺ ഐലൻഡിലെ നടപ്പാതയിലേക്ക് വിളിച്ചുവരുത്തി വാഹനങ്ങൾ സഹിതം തട്ടിക്കൊണ്ടുപോയത്. കേസിൽ ഇതുവരെ 10 പ്രതികൾ പിടിയിലായി. എറണാകുളം എ.സി.പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഹാർബർ പൊലീസാണ് അന്വേഷിക്കുന്നത്.