അമിത വേഗത്തിൽ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർത്ഥിനികൾക്ക് പരിക്ക്

Wednesday 08 April 2026 1:43 AM IST

കൊല്ലം: അമിത വേഗത്തിൽ ചീറിപ്പാഞ്ഞ് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആശ്രാമം ലിങ്ക് റോഡിലായിരുന്നു അപകടം. ചിന്നക്കടയിൽ യു.ഡി.എഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്.

ഹോക്കി സ്‌റ്റേഡിയത്തിൽ നടക്കുന്ന വേനൽക്കാല ക്യാമ്പിൽ പങ്കെടുത്തശേഷം നടപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയം താലൂക്ക് കച്ചേരി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി നടപ്പാതയിലേക്ക് കയറി വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു. ചിന്നു കായലിലേക്ക് വീഴുകയും ധനലക്ഷ്മി നടപ്പാതയിലെ സംരക്ഷണ കമ്പിയിൽ കുടുങ്ങുകയുമായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടികളെ രക്ഷിച്ച് ഉടൻ ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയായ നിയമവിദ്യാർത്ഥിയെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായി ആരോപണമുണ്ട്.