കൊട്ടിക്കലാശത്തിൽ യു.ഡി.എഫ്- എൻ.ഡി.എ സംഘർഷം

Wednesday 08 April 2026 1:47 AM IST

കൊട്ടാരക്കര: കൊട്ടാരക്കരയിൽ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണ പ്രവർത്തനങ്ങളുടെ സമാപന കൊട്ടിക്കലാശത്തിൽ യു.ഡി.എഫ്- എൻ.ഡി.എ സംഘർഷം. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേ‌ർന്ന് സ്ഥാനാർത്ഥിയായ ആർ.രശ്മിയുടെ പ്രചാരണ റാലിക്ക് നേരെ യു.ഡി.എഫ് പടക്കംപൊട്ടിച്ചെറിഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിലാണ് സംഭവം.

ചന്തമുക്ക് വഴി സ്ഥാനാർത്ഥി പി.അയിഷാപോറ്റിയും കൊടിക്കുന്നിൽ സുരേഷ് എം.പിയും നയിച്ച യു.ഡി.എഫിന്റെ റാലി ആദ്യം കടന്നുപോയി, തൊട്ടുപിന്നാലെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ആർ.രശ്മിയുടെ പ്രചാരണ റാലി ചെന്നത്. പുലമൺ ജംഗ്ഷനിൽ ഇരുവിഭാഗവും ഒന്നിച്ചു. ഈ സമയത്താണ് യു.ഡി.എഫ് പ്രവർത്തകർ പ്രത്യേകതരം പടക്കങ്ങൾ പൊട്ടിച്ചത്. ഇത് തീഗോളമായി പൊട്ടിച്ചിതറുന്ന തരത്തിലുള്ളതായിരുന്നു. കുപ്പിച്ചില്ലും മറ്റും പൊട്ടിച്ചിതറി പ്രവർത്തകരുടെ ദേഹത്ത് പതിച്ചപ്പോഴാണ് തങ്ങൾ പ്രതികരിച്ചതെന്നാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞത്. വലിയ ശബ്ദത്തോടെ തീഗോളവും അതിൽ നിന്ന് ചിലതൊക്കെ പൊട്ടിച്ചിതറി പരക്കുകയുമായിരുന്നു. ഇത് എൻ.ഡി.എ പ്രവ‌ർത്തകർ ചോദ്യം ചെയ്തു. ഇതോടെ യു.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചും തിരിച്ച് പ്രതിഷേധിച്ചു.

കോൺഗ്രസുകാരിയായിരുന്ന ആർ.രശ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിന്റെ അമർഷം അവർ പ്രകടമാക്കുകയായിരുന്നു. എൻ.ഡി.എ പ്രവർത്തകർ വടിയെടുത്തും മുഷ്ടി ചുരുട്ടിയും അടുത്തതോടെ പൊലീസ് ഇടപെട്ടു. നൂറുകണക്കിന് പൊലീസുകാർ ഇവിടെ ഉണ്ടായിരുന്നതിനാൽ വലിയ സംഘർഷം ഒഴിവായി. തുടർന്ന് യു.ഡി.എഫുകാർക്കെതിരെ കേസെടുക്കുമെന്ന് ഡിവൈ.എസ്.പി ഉറപ്പ് നൽകിയപ്പോഴാണ് എൻ.ഡി.എ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. ഡിവൈ.എസ്.പിക്ക് രേഖാമൂലം പരാതിയും നൽകി.