'യുവരാജ് സിംഗിനെപ്പോലെയാണ് സഞ്ജു, ഇക്കാര്യം അദ്ദേഹത്തിന്റെ മനസിലുണ്ടാകും'; മുൻ ഇന്ത്യൻ താരം

Wednesday 08 April 2026 10:16 AM IST

മുംബയ്: ഐപിഎല്ലിൽ മികച്ച സ്‌കോർ കണ്ടെത്തെനാകാതെ ബുദ്ധിമുട്ടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം സഞ്ജു സാംസണെക്കുറിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. സഞ്ജുവിന്റെ മത്സര ശൈലിയെക്കുറിച്ചും സ്പിന്നർമാരെ കിട്ടിയാൽ എങ്ങനെ ഷോട്ടുകൾ പായിക്കുമെന്നതിനെക്കുറിച്ചുമാണ് സേവാഗ് ഒരു സ്‌പോർട്ട് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സഞ്ജു യുവരാജ് സിംഗിനെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ സഞ്ജുവിന്റെ പ്രകടനങ്ങൾ അത്ര മികച്ചതല്ല. ഇക്കാര്യം സഞ്ജുവിന്റെ മനസിലുണ്ടാകും. ഈ സ്റ്റേഡിയത്തിൽ സഞ്ജു ഏഴ് മത്സരങ്ങൾ കൂടി കളിക്കേണ്ടിവരും. അതുകൊണ്ട് ഈ സ്റ്റാറ്റസ് മെച്ചപ്പെടുത്താൻ സഞ്ജുവിന് ഇനിയും അവസരമുണ്ട്. യുവരാജ് സിംഗിനെപ്പോലെയാണ് സഞ്ജു. നിന്ന നിൽപിൽ അനായാസം സിക്സർ പറത്താൻ സാധിക്കും. മികച്ച ഷോട്ടുകളിൽ അവരുടെ ബാറ്റ് മുകളിലേക്ക് ഉയരും. ഇതുപോലെയായിരുന്നു ബ്രയാൻ ലാറയും. എന്നാൽ സ്പിന്നർമാരെ കിട്ടിയാൽ സഞ്ജു മികച്ച ഷോട്ടുകൾ പായിക്കും. ചെന്നൈയിൽ സ്പിന്നർമാർ വരുന്നതുവരെ സഞ്ജുവിന് ക്രീസിൽ തുടരാൻ സാധിക്കുന്നില്ല'- സേവാഗ് പറഞ്ഞു.

അതേസമയം, സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചെന്നൈ തോൽവിയാണ് നേരിട്ടത്. രാജസ്ഥാൻ റോയൽസിനോട് എട്ടുവിക്കറ്റിനും പഞ്ചാബ് കിംഗ്സിനോട് അഞ്ചുവിക്കറ്റിനുമായിരുന്നു തോൽവിയെങ്കിൽ ആർ.സി.ബിയോട് തോറ്റത് 43 റൺസിനാണ്. കഴിഞ്ഞ സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നാലിൽ മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലായിപ്പോയ ചെന്നൈയെ ഈ സീസണിലും അതേ ദുരവസ്ഥയാണോ കാത്തിരിക്കുന്നത് എന്നതാണ് ആരാധകരുടെ ആശങ്ക.

ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് ഒറ്റയക്കത്തിന് മുകളിൽ നേടാൻ കഴിയാതെ വന്നത് ടീമിനെ ബാധിച്ചിട്ടുണ്ട്. 6,7,9 എന്നിങ്ങനെയാണ് സഞ്ജുവിന്റെ മൂന്ന് മത്സരങ്ങളിലെ സ്കോറുകൾ. പരിക്കുമൂലം മഹേന്ദ്രസിംഗ് ധോണിക്കും ഡെവാൾഡ് ബ്രെവിസിനും ഇതുവരെ കളിക്കാനിറങ്ങാൻ കഴിയാത്തതും ടീമിന് തിരിച്ചടിയാണ്.