കൊല്ലത്തെ അപകടം; ഇടിച്ചത് ബിന്ദു കൃഷ്‌ണയുടെ മകന്റെ കാർ, ഒരു വിദ്യാർത്ഥിനി വെന്റിലേറ്ററിൽ

Wednesday 08 April 2026 10:49 AM IST

കൊല്ലം: കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാറിടിച്ച് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റ സംഭവത്തിൽ കാറോടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെ കേസെടുത്തു. ദേവനന്ദൻ ഉൾപ്പെടെ നാല് കെഎസ്‌യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെന്റിലേറ്ററിലാണ്.

ഇന്നലെ വൈകിട്ട് 6.30ഓടെ ആശ്രാമം ലിങ്ക് റോഡിലായിരുന്നു അപകടം. വള്ളിക്കീഴ് ഗവ. എച്ച്‌എസ്‌എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവരെയാണ് ഇടിച്ചത്. ചിന്നുലക്ഷ്‌മിയാണ് വെന്റിലേറ്ററിൽ കഴിയുന്നത്.

ചിന്നക്കടയിൽ യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പ്രവർത്തകർ. ഹോക്കി സ്‌റ്റേഡിയത്തിൽ നടക്കുന്ന വേനൽക്കാല ക്യാമ്പിൽ പങ്കെടുത്തശേഷം നടപ്പാതയിലൂടെ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് നടന്ന് പോവുകയായിരുന്നു വിദ്യാർത്ഥികൾ. ഈ സമയം താലൂക്ക് കച്ചേരി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി നടപ്പാതയിലേക്ക് കയറി വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു. ചിന്നു കായലിലേക്ക് വീഴുകയും ധനലക്ഷ്മി നടപ്പാതയിലെ സംരക്ഷണ കമ്പിയിൽ കുടുങ്ങുകയുമായിരുന്നു. നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ച് ഉടൻതന്നെ ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്.