15 തിരഞ്ഞെടുപ്പുകളിൽ 11 തവണയും ഇടതുപക്ഷത്തിന് ജയം; ഇത്തവണ ചാത്തന്നൂരിൽ താമര വിരിയുമോ?

Wednesday 08 April 2026 11:07 AM IST

കൊല്ലം: ജില്ലയുടെ രാഷ്‌ട്രീയഭൂപടത്തിൽ വളരെ നിർണായകസ്ഥാനമാണ് ചാത്തന്നൂർ മണ്ഡലത്തിനുള്ളത്. നഗരത്തിന്റെ വേഗതയും ഗ്രാമത്തിന്റെ സമാധാനവും ഇഴചേരുന്നതാണ് ചാത്തന്നൂരിന്റെ സാമൂഹിക ഘടന. ആറ് ഗ്രാമപഞ്ചായത്തുകളും ഒരേയൊരു മുനിസിപ്പാലിറ്റിയുമാണ് ചാത്തന്നൂരിലുള്ളത്. കാലങ്ങളായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ചാത്തന്നൂർ. എന്നാൽ, സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനവും മറ്റ് മുന്നണികളുടെ വളർച്ചയും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചലനങ്ങൾ സൃഷ്‌ടിക്കാൻ സാദ്ധ്യതയുണ്ട്.

1965-ൽ മണ്ഡലം രൂപംകൊണ്ട ശേഷം നടന്ന 15 നിയമസഭാതിരഞ്ഞെടുപ്പുകളിൽ 11 തവണയും ഇടതുപക്ഷത്തെ വിജയിപ്പിച്ച മണ്ഡലമാണ് ചാത്തന്നൂർ. പരമ്പരാഗത പാർട്ടിവോട്ടുകളും ശക്തമായ സംഘടനാസംവിധാനവുള്ള ഇടതുമുന്നണിക്ക് ചാത്തന്നൂർ സീറ്റ് നിലനിർത്തേണ്ടത് അഭിമാനപ്രശ്‌നംകൂടിയാണ്.

മൂന്ന് തവണ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുവന്ന ജി എസ് ജയലാലിനെ ടേം വ്യവസ്ഥപ്രകാരം മാറ്റി സിപിഐ നേതാവ് ആർ രാജേന്ദ്രനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ നൽകിയ പിന്തുണ ഇത്തവണയും ലഭിക്കുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. കന്നിയങ്കമാണെങ്കിലും മണ്ഡലത്തിലെ എല്ലായിടങ്ങളിലുമെത്തി തന്നെ പരിചയപ്പെടുത്തി വോട്ടഭ്യർത്ഥിക്കാൻ ആർ രാജേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. വികസനത്തുടർച്ചയ്‌ക്കായാണ് അദ്ദേഹം വോട്ടഭ്യർത്ഥിക്കുന്നത്.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ബിജെപി രംഗത്തിറക്കിയ ബിബി ഗോപഗുമാർ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. രണ്ടുപ്രാവശ്യവും മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ഗോപകുമാർ ഇത്തവണ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ഇത്തവണ ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജന്റെ പേര് ആദ്യം പരിഗണിച്ചിരുന്നെങ്കിലും അവസാനം സൂരജ് രവിയെ തങ്ങളുടെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. എന്നാൽ, മണ്ഡലത്തിലെ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് യുഡിഎഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

അവകാശങ്ങൾ പൊരുതി നേടിയ രാഷ്‌ട്രീയ ചരിത്രമാണ് ചാത്തന്നൂരിനുള്ളത്. പരവൂർ മുനിസിപ്പാലിറ്റിയും ചാത്തന്നൂർ പഞ്ചായത്തും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഈ സമരപാരമ്പര്യം ശക്തമാണ്. തൊഴിലാളി സംഘടനകളും വിദ്യാർത്ഥി യുവജനസംഘടനകളും ഇവിടെ സജീവമാണ്. ചെറുകിട തൊഴിലാളികളുടെ അവകാശസമരങ്ങൾ മുതൽ പൊതുസൗകര്യവികസനത്തിനായുള്ള പ്രതിഷേധങ്ങൾ വരെ വിവിധ തലങ്ങളിൽ ഇവിടെ അരങ്ങേറിയിട്ടുണ്ട്. തൊഴിലാളി-കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം സമരങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇവിടെ സ്വാഭാവിക അടിത്തറ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.

അതേസമയം, വലതുപക്ഷവും ഈ സമരപാരമ്പര്യത്തെ അവഗണിച്ചിട്ടില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാനും അവ പരിഹരിക്കാനും അവർ മടിച്ചുനിന്നിട്ടില്ല. പലപ്പോഴും രാഷ്‌ട്രീയഭേദമന്യേ അവരും ഇത്തരം സമരങ്ങളുടെ ഭാഗമായിട്ടുണ്ട്. ചാത്തന്നൂരിന്റെ സമരപാരമ്പര്യങ്ങൾക്കിടയിൽ വികസനവും ദേശീയ രാഷ്‌ട്രീയവുമാണ് ബിജെപി ആയുധമാക്കുന്നത്. പ്രാദേശികതലത്തിൽ ബിജെപി തങ്ങളുടെ വോട്ട് വർദ്ധിപ്പിക്കുന്നതായാണ് മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ ഭരണവിരുദ്ധവികാരങ്ങളും ബിജെപി ആയുധമാക്കുന്നുണ്ട്.

അവകാശങ്ങൾ പൊരുതി നേടിയ രാഷ്‌ട്രീയചരിത്രം കൈമുതലായുള്ളവരാണ് ചാത്തന്നൂരിലെ ജനത.