വെടിനിർത്തലിന് പിന്നാലെ ട്വിസ്റ്റ്, സ്വർണത്തെ ഇനി പിടിച്ചാൽ കിട്ടില്ല; പവൻ വിലയിൽ വൻ കുതിച്ചുചാട്ടം

Wednesday 08 April 2026 11:08 AM IST

കൊച്ചി: ഇറാൻ-യുഎസ് വെടിനിർത്താൽ തീരുമാനം പുറത്തുവന്നതിന് പിന്നാലെ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,12,800 രൂപയും ഒരു ഗ്രാം സ്വർണത്തിന് 14,100 രൂപയുമായി. യുഎസ്-ഇറാൻ അനിശ്ചിതത്വത്തെ തുടർന്ന് കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിൽ രണ്ട് ശതമാനത്തിലധികം വർദ്ധിച്ച് ഔൺസിന് 4803 ഡോളറിലാണ് സ്വർണം ഇന്ന് വ്യാപാരം നടത്തുന്നത്.

ഒരു മാസത്തിലേറെയായി തുടരുന്ന യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ ഇറാനും അംഗീകരിച്ചതോടെയാണിത്. യുദ്ധം അവസാനിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. ഇതോടെയാണ് സ്വർണത്തിന് ശക്തമായ ഡിമാൻഡ് അനുഭവപ്പെട്ടത്.

ട്രംപും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് വെടിനിർത്തൽ സ്ഥിരീകരിച്ചത്. യുഎസ് ആക്രമണങ്ങൾ നിർത്തിയതിനാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് നിബന്ധനകളോടെ സമ്മതിച്ചതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചതായി അബ്ബാസ് അരാഗ്ചി പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ അടുത്ത രണ്ടാഴ്ചത്തേക്ക് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അനുവദിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.