'കൊലക്കേസ് പ്രതിയെന്ന് ആക്ഷേപിക്കുന്നു'; മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി

Wednesday 08 April 2026 11:52 AM IST

അടൂർ: അപവാദ നോട്ടീസ് പ്രചാരണത്തിനെതിരെ വെെകാരിക പ്രതികരണവുമായി അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി വി ശാന്തകുമാർ. ഒരുകേസ് പോലും തന്റെ പേരിൽ ഇല്ലെന്നും കൊലക്കേസ് പ്രതിയാണെന്ന് ആക്ഷേപിക്കുന്നുവെന്നും ശാന്തകുമാർ പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. താൻ കൊലക്കേസ് പ്രതിയാണെന്ന് പറഞ്ഞ് പുറത്തിറക്കിയ നോട്ടീസിന് പിന്നിൽ അടൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പ്രിജി കണ്ണനാണെന്നും ശാന്തകുമാർ ആരോപിക്കുന്നു. പരാജയഭീതിയിൽ കേസിൽ കുടുക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്നെ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്നാണ് പറയുന്നത്. ഞാൻ കോളേജിൽ നിന്ന് കെഎസ്‌യുവിൽ പ്രവർത്തിച്ച് വന്നതാണ്. എന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത്. സംഭവത്തിൽ ഞാൻ കളക്ടർക്ക് പരാതി കൊടുത്തിട്ടുണ്ട്. നോട്ടീസിൽ പറയുന്നത് പോലെ ഞാൻ ഒരു കേസിലെയും പ്രതിയല്ല. നോട്ടീസ് അയച്ചവരോട് ചോദിക്ക് ആരെയാണ് ഞാൻ കൊന്നതെന്ന്. എന്റെ പേരിൽ ഒരു എഫ്ഐആറുമില്ല. എന്നെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല. നോട്ടീസ് ഇറക്കുന്നവർ അവരുടെ പേരിൽ ഇറക്കണം. എന്റെ കേസ് യുഡിഎഫ് തേച്ചുമാച്ചുകളഞ്ഞുവെന്നാണ് പറയുന്നത്. അതിന് 10 വർഷമായി എൽഡിഎഫ് അല്ലേ ഭരിച്ചത്. അവർ എന്താണ് നടപടി എടുക്കാത്തത്. ജനങ്ങൾ അറിയാം സത്യം. നോട്ടീസ് ഇറക്കിയവർക്കെതിരെ കേസ് കൊടുക്കും. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും'- ശാന്തകുമാർ പറഞ്ഞു. അതേസമയം, സംഭവം പ്രിജി കണ്ണൻ നിഷേധിച്ചിട്ടുണ്ട്.