ബിജെപി വോട്ടിന് പണം നൽകിയോ? കയ്യിലുണ്ടായിരുന്നത് പെൻഷൻ തുകയെന്ന് വയോധിക, ഫ്ളയിംഗ് സ്‌ക്വാഡിന്റെ പരിശോധന

Wednesday 08 April 2026 2:27 PM IST

പാലക്കാട്: വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന ആരോപണത്തിൽ പ്രാഥമിക പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം കെെമാറിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഇതുസംബന്ധിച്ച് വീഡിയോയും അവർ പുറത്തുവിട്ടിരുന്നു. തുടർന്നാണ് വിഷയത്തിൽ തിര‌ഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെട്ടത്. ബിജെപി പ്രവർത്തകർ പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പറഞ്ഞതെന്ന് ഇവരുടെ വീട്ടിൽ അന്വേഷണം നടത്തിയ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

പെെസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ പറഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫ്ലയിംഗ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ശേഷം തുടർനടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ 5000 രൂപ നൽകിയതെന്നാണ് കോൺഗ്രസ് ആരോപണം. ശോഭയും മറ്റ് രണ്ട് സ്ത്രീകളുമാണ് എത്തിയത്. ശോഭ കാറിലേക്ക് പോയശേഷം ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നൽകിയെന്നാണ് ആരോപണം. എന്നാൽ തന്റെ കെെയിൽ ഉണ്ടായിരുന്നത് പെൻഷൻ തുകയായിരുന്നുവെന്നാണ് വയോധിക മാദ്ധ്യമങ്ങളോട് പറഞ്ഞത്.