'പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കഥകൾ എനിക്ക് കിട്ടിയിട്ടുണ്ട്, 10-ാം തീയതി കഴിഞ്ഞാണ് ശരിക്കുള്ള കളി'
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ മുഖംമൂടി താൻ വലിച്ചുകീറാൻ പോകുകയാണെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കേസ് ഒതുക്കി തീർക്കാൻ പണം നൽകിയ ഷാഫി പറമ്പിൽ എംപിയെ അടക്കം ഞാൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി. വോട്ടർമാർക്ക് പണം നൽകിയെന്ന കോൺഗ്രസ് ആരോപത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
'ഇപ്പോഴത്തെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കഥ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാൻ അത് പുറത്തുപറയാത്തത് ആ പതിവ് എനിക്ക് ഇല്ലാത്തത് കൊണ്ടാണ്. ഞാൻ വികസം പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. ഒരാൾ എറണാകുളത്ത് നിന്ന് എന്നെ കാണാൻ വന്നിട്ട് തിരിച്ചുപോയിട്ടുണ്ട്. അത് ഒരു മാദ്ധ്യമപ്രവർത്തകരും അറിഞ്ഞില്ല. ആ പെൺകുട്ടിയോട് ചില കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. ഈ 10-ാം തീയതി കഴിഞ്ഞാലാണ് ശരിക്കുള്ള കളി കേരള രാഷ്ട്രീയം കാണാൻ പോകുന്നത്. അപ്പോൾ ആ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് താങ്ങായി ഞാൻ ഉണ്ടാകും.
ശോഭാ സുരേന്ദ്രൻ എന്ന സ്ത്രീ വർഷങ്ങളായി കേരളത്തിലെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് താങ്ങായി നിന്ന ആളാണ്. അവർ എനിക്ക് തന്ന പരാതികൾ എല്ലാം ഞാൻ ഫയലിൽ വച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയും വരെ അതിനെക്കുറിച്ച് ഞാൻ കൂടുതൽ പ്രതികരണങ്ങൾ നടത്തില്ല. ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ബാക്കി കാര്യങ്ങൾ 10-ാം തീയതിക്ക് ശേഷം പറയാം'- ശോഭാ സുരേന്ദ്രൻ പറഞ്ഞു.