വോട്ടിന് നോട്ട് ; ദൃശ്യങ്ങൾ പരിശോധനയ്ക്ക് പൊലീസിന് അയച്ചു,​ പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചെന്ന് കളക്ടർ

Wednesday 08 April 2026 7:33 PM IST

പാലക്കാട് : പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതായി ജില്ലാ കളക്ടർ എം.എസ്,​ മാധവിക്കുട്ടി അറിയിച്ചു. ദൃശ്യങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പൊലീസിന് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കും. പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചു. പണം ലഭിച്ചില്ലെന്നാണ് വൃദ്ധയുടെ മൊഴി. 11നകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ശോഭ സുരേന്ദ്രനോട് സംസാരിച്ചുവെന്നും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ശോഭ സുരേന്ദ്രൻ ഏപ്രിൽ 8ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാനൻ പണം വിതരണം ചെയ്തു എന്നാണ് കോൺഗ്രസ് വീഡിയോ പുറത്തുവിട്ട് ആരോപിച്ചത്. മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട സ്ത്രീയുടെ മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് അവരുടെ മൊഴി. പ്രധാന സാക്ഷി പണം ലഭിച്ചില്ലെന്ന് പറഞ്ഞെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറുടെ നിലപാട്. തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാല കളക്ടർ നൽകിയിട്ടുണ്ട്.

മുംബയ് മലയാളിയായ സിമി രാജീവ് എന്ന സ്ത്രീയാണ് പണം നൽകിയതെന്നാണ് ശോഭാ സുരേന്ദ്രനൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭയ്ക്കൊപ്പം ഇവർ നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇരുവശത്തുമായി ഇരുവരും നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. കൂടാതെ ഇവർ ശോഭാ സുരേന്ദ്രനെ ഷാൾ അണിയിക്കുന്നതിന്റെയും കൈ കൊടുക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.'

ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. എന്റെ നേരെ ഉയരുന്ന ആരോപണം ഉണ്ടയില്ലാ വെടിയാണ്. പണം കൊടുത്ത ആ സ്ത്രീയെ എനിക്ക് അറിയില്ല. അവർ എന്റെ കാറിൽ ഉണ്ടായിരുന്നില്ല. എന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കാറിൽ ഒരു സംഘം എന്നെ പിന്തുടർന്നു. അതിനാലാണ് കാർ നിർത്തി സംസാരിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകും. പണം നൽകിയ സ്ത്രീയല്ല എന്റെ കാറിൽ ഇരിക്കുന്നത്. അവരുടെ മുഖം വ്യക്തമല്ല'- എന്നായിരുന്നു ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞത്.

ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി പാലക്കാട് വന്നപ്പോൾ മുതൽ സിമി രാജീവ് ഇവിടെയുണ്ടായിരുന്നുവെന്ന് കണ്ണാടിയിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്നു. തിരുവനന്തപുരത്ത് ജനിച്ച ഇവർ മുംബയിലാണ് വളർന്നത്. കലാശക്കൊട്ടിലും ഇവർ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ ശേഖരിക്കുകയാണെന്നും പ്രവർത്തകർ വ്യക്തമാക്കി.