ശബരിമല വാദംകേൾക്കേ ശ്രദ്ധേയ നിരീക്ഷണം : യുവതീപ്രവേശനം ആവശ്യപ്പെട്ടത് വിശ്വാസികളല്ല : ജസ്റ്റിസ് നാഗരത്ന

Thursday 09 April 2026 12:29 AM IST

തള്ളിക്കളയേണ്ട ഹർജിയായിരുന്നു  ദേവസ്വം ബോർഡിന്റെ വാദം ഇന്ന്

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ടത് വിശ്വാസികളല്ലെന്ന ശ്രദ്ധേയ നിരീക്ഷണവുമായി ഒൻപതംഗ വിശാലബെഞ്ചിലെ ഏക വനിതാ ജഡ്‌ജി ബി.വി. നാഗരത്ന.

ശബരിമലയുമായുംമറ്റും ബന്ധപ്പെട്ട വിശ്വാസ വിഷയങ്ങളിൽ ഇന്നലെ വാദംകേൾക്കവെയാണ് ഈ പരാമർശം . 10 മുതൽ 50 വയസു വരെയുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന പൊതുതാത്പര്യഹർജി ആദ്യം സമർപ്പിച്ചത് ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷനാണ്. അവർക്ക് ശബരിമലയുമായോ അവിടത്തെ ആചാരങ്ങളുമായോ നേരിട്ട് ബന്ധമില്ല. ഏതെങ്കിലും അയ്യപ്പഭക്തൻ യുവതീപ്രവേശനം ആവശ്യപ്പെട്ടിട്ടുണ്ടോ? വിശ്വാസികൾ അല്ലാത്തവരുടെ ഹ‌ർജികൾ കോടതി പരിഗണിക്കേണ്ട കാര്യമുണ്ടോ? പല അജൻഡകളുമായി പലരും പൊതുതാത്പര്യഹ‌ർജി നൽകും. കൈയോടെ തള്ളിക്കളയേണ്ട ഹർജിയായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.

വിശ്വാസികൾ അല്ലാത്തവ‌ർക്ക് ഹർജി നൽകാനാകുമോയെന്ന വിഷയം പുനഃപരിശോധനാഹർജികളിൽ 5 അംഗ ബെഞ്ച് വാദം കേൾക്കുമ്പോൾ നിർണായകമാകുമെന്ന സൂചന കൂടിയാണ് നാഗരത്ന നൽകിയത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ബി.വി. നാഗരത്ന,എം.എം. സുന്ദരേഷ്,അഹ്സാനുദ്ദിൻ അമാനുള്ള,അരവിന്ദ് കുമാർ,അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി. വരാലെ,ആർ. മഹാദേവൻ,ജോയ്‌മല്യ ബാഗ്ചി എന്നിവരുൾപ്പെട്ട വിശാല ബെഞ്ചിനു മുന്നിൽ ഇന്നും വാദംകേൾക്കൽ തുടരും. ഇന്നലെ കേന്ദ്രസർക്കാരിന്റെ വാദം അവസാനിച്ചു. ഇന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകർ നിലപാട് അറിയിക്കും.

അന്ധവിശ്വാസമെങ്കിൽ

ഇടപെടാം:ചീഫ് ജസ്റ്റിസ്

മതപരമായ ആചാരങ്ങൾ അന്ധവിശ്വാസമാണോയെന്ന് തീരുമാനിക്കാൻ കോടതിക്ക് കഴിയില്ലെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

#ചില ആചാരങ്ങൾ അന്ധവിശ്വാസമാണോയെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചു. കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള നരബലി,​ ദുർമന്ത്രവാദം തുടങ്ങിയവ നടന്നാൽ ഇടപെടാനാകും.

# നിയമനിർമ്മാണ സഭയ്‌ക്കാണ് ഇടപെടാൻ അധികാരമുള്ളതെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു.പല അനാചാരങ്ങളെയും നിയമം വഴി നിരോധിച്ചിട്ടുമുണ്ട്. മതപണ്ഡിതരുടെ ജ്ഞാനം കോടതികൾക്കില്ല. ശബരിമലയെ സംബന്ധിച്ച് അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ദേവന്റെ ഗുണവിശേഷങ്ങൾ പരിശോധിക്കുന്നത് അനുവദനീയമല്ലെന്നും വ്യക്തമാക്കി.

ഭരണഘടനാ ധാർമ്മികത

നോക്കരുതെന്നും വാദം

ഭരണഘടനയിലെ അടിസ്ഥാനമൂല്യങ്ങളും തത്വങ്ങളും പാലിക്കുന്നതുമായി ബന്ധപ്പെട്ടതാണ് 'ഭരണഘടനാ ധാർമികത' എന്ന വാക്ക്. 'ഭരണഘടനാ ധാർമികത' നോക്കിയല്ല ആചാരങ്ങളുടെ നിയമസാധുത കോടതികൾ തീരുമാനിക്കേണ്ടതെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.

# ഭൂരിപക്ഷ വികാരം നോക്കിയല്ല തീരുമാനമെടുക്കേണ്ടതെന്നും 'ഭരണഘടനാ ധാർമികത' പരിഗണിക്കണമെന്നും യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ബെഞ്ച് നിലപാട് എടുത്തിരുന്നു. അതിനെതിരെയാണ് ഈ വാദം ഉയർത്തിയത്.

# മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 25 ഉയർത്തിക്കാട്ടുന്ന ധാർമികതയെ, 'ഭരണഘടനാ ധാർമികത' ആയി വ്യാഖ്യാനിക്കരുത്. സാമൂഹിക ധാർമികതയായിട്ടാണ് കാണേണ്ടത്. ആറ്റുകാൽ ദേവീ ക്ഷേത്രം,​ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം,​ ചവറയിലെ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം എന്നിവിടങ്ങളിലെ ആചാരങ്ങളിൽ ലിംഗവിവേചനമില്ലെന്നും കൂട്ടിച്ചേർത്തു.