ഇന്ന് ജനവിധി : സർവം സുസജ്ജം

Thursday 09 April 2026 2:47 AM IST

 രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ്

കൊച്ചി: 23 ദിവസം നീണ്ട പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ ജില്ല ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിന് ജില്ല പൂർണ സജ്ജമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലാകെ 25,03,842 വോട്ടർമാരാണുള്ളത്. 12,18,707 പുരുഷ വോട്ടർമാരും 12,85,108 സ്ത്രീ വോട്ടർമാരും 27 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. കളമശേരിയിലാണ് കൂടുതൽ വോട്ടർമാർ. 1,97,711 പേർ. കുറവ് വോട്ടർമാർ എറണാകുളത്തും.1,36,222 പേർ.

ജില്ലയിൽ ആകെ 3,148 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാൻ ബൂത്തുകളിലെല്ലാം വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തി.

സ്ത്രീകൾ നിയന്ത്രിക്കുന്ന 14 ബൂത്തുകളും 70 മോഡൽ പോളിംഗ് സ്റ്റേഷനുകളും ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന രണ്ട് ബൂത്തുകളും ജില്ലയിലുണ്ട്. ഭിന്നശേഷിക്കാരായ പോളിംഗ് ഉദ്യോഗസ്ഥർ പൂർണമായി നിയന്ത്രിക്കുന്ന പ്രത്യേക ബൂത്തുകൾ കൊച്ചി മണ്ഡലത്തിലെ അമരാവതി ജി.യു.പി സ്‌കൂളിലും മൂവാറ്റുപുഴയിലെ ഇലാഹിയ പബ്ലിക് സ്‌കൂളിലുമാണ്.

വനിതാ ബൂത്തുകൾ

പെരുമ്പാവൂർ (ആശ്രമം എച്ച്.എസ്.എസ്) അങ്കമാലി (സെന്റ് ജോസഫ് എൽ.പി.എസ്) ആലുവ ( നൊച്ചിമ വ. യു.പി.എസ്) കളമശ്ശേരി ( കരുമാല്ലൂർ സെന്റ് ലിറ്റിൽ ട്രീസാസ് യു പി സ്‌കൂൾ ) നോർത്ത് പറവൂർ (സെന്റ് ജെർമിയൻസ് സിയോൺ എൽ പി സ്‌കൂൾ) വൈപ്പിൻ (കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്) കൊച്ചി (ഔർ ലേഡീസ് കോൺവെന്റ് ജി എൽ പി എസ് ) തൃപ്പൂണിത്തുറ (ജൈനീസ് സെന്റർ) എറണാകുളം (പൊന്നേക്കര എസ്.എൻ.ഡി.പി ഹാൾ) തൃക്കാക്കര (പാലാരിവട്ടം വിൻസെന്റ് ഡി പോൾ കോൺവെന്റ് സ്‌കൂൾ ) കുന്നത്തുനാട് (പൂതൃക്ക ഗവ. ഹൈസ്‌കൂൾ), പിറവം (കിഴക്കമ്പലം ശ്രീധരീയം) മൂവാറ്റുപുഴ (നിർമ്മല സ്‌കൂൾ) കോതമംഗലം (ഗവ. യു.പി സ്‌കൂൾ)

പോളിംഗ് സാമഗ്രികൾ എത്തി

ഇന്നലെ രാത്രിയോടെ പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരും അതത് പോളിംഗ് സ്‌റ്റേഷനുകളിലെത്തി. വോട്ടിംഗ് യന്ത്രങ്ങൾ, വിവിപാറ്റ് മെഷീനുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയാണ് ഇന്നലെ വൈകിട്ടോടെ വിതരണ കേന്ദ്രത്തിലെത്തിച്ചത്.