ഇവിടെയാരു ബൂത്ത്, വോട്ടർമാർ അഞ്ച് ; കാടിന് നടുവിലെ പച്ചക്കാനം

Thursday 09 April 2026 12:49 AM IST

കുമളി: വണ്ടിപ്പെരിയാർ പച്ചക്കാനത്തെ ബൂത്തിൽ അഞ്ച് വോട്ടർമാ‌ർ മാത്രം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 29 പേരുണ്ടായിരുന്നു. അതിൽ ഒരാൾ മാത്രമാണ് വോട്ട് ചെയ്തത്. പേര് സിൽവസ്റ്റർ. രണ്ടു മാസം മുമ്പ് സിൽവസ്റ്റർ മരിച്ചു. ഇക്കാലത്തിനിടെ പലരും ഇവിടംവിട്ടുപോയി. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം വന്നപ്പോൾ ബാക്കിയുള്ളവരും പുറത്തായി.

പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് പച്ചക്കാനം ബൂത്ത്. പീരുമേട് മണ്ഡലത്തിലുള്ള കുമളി പഞ്ചായത്തിലെ മുല്ലപ്പെരിയാർ വാർഡിന്റെ ഭാഗമാണിത്. ഇവിടെ എത്താൻ വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി 40 കലോമീറ്റർ സഞ്ചരിക്കണം. പ്രദേശത്തെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തമിഴ് വംശജരാണ് വോട്ടർമാർ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 37 വോട്ടർമാരാണ് ഉണ്ടായിരുന്നത്. അഞ്ച് വോട്ട് മാത്രമുള്ളതിനാലാകാം ഇവിടത്തെ വോട്ടർമാരെ തേടി ഒരു സ്ഥാനാർത്ഥിയും എത്തിയില്ല.

കാടിന് നടുവിലെ പച്ചക്കാനം

925 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരിയാർ കടുവ സങ്കേതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുല്ലപ്പെരിയാർ വാർഡിലാണ്. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന മുല്ലപ്പെരിയാർ വാർഡിന്റെ മൂന്ന് അതിരുകളും വനമാണ്. മുമ്പ് താമരക്കണ്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന വാർഡാണ് ഇപ്പോൾ മുല്ലപ്പെരിയാറായത്. ഈ വാർഡിലെ പച്ചക്കാനം ബൂത്ത് വനമേഖലയ്ക്ക് നടുവിലാണ്. വണ്ടിപ്പെരിയാറിൽ നിന്ന് വള്ളക്കടവ് വഴി ഗവി റൂട്ടിൽ വനത്തിലൂടെ സഞ്ചരിച്ചു വേണം ഇവിടെ എത്താൻ. മുമ്പ് ഈ ബൂത്ത് തേക്കടി വാർഡിന്റെ ഭാഗമായിരുന്നു. വലുപ്പത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്താണ് കുമളി.