പ്രതിസന്ധികൾ താണ്ടി ആദിവാസി വോട്ടർമാരുമെത്തും

Wednesday 08 April 2026 9:50 PM IST

കോതമംഗലം: ജില്ലയിലെ ആദിവാസി വോട്ടർമാരും നാളെ തങ്ങളുടെ പ്രതിസന്ധികളെ തരണം ചെയ്ത് വോട്ടിടാനെത്തും. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി വോട്ടർമാരുള്ളത് കോതമംഗലം നിയോജകമണ്ഡലത്തിലാണ്. വാരിയം, തേര, കുഞ്ചിപ്പാറ, തലവച്ചപ്പാറ, താളുംകണ്ടം എന്നിങ്ങനെ അഞ്ച് ബൂത്തുകളാണ് ആദിവാസി മേഖലയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഏറ്റവുംകുറവ് വോട്ടർമാരുള്ളത് തേരയിലാണ്. 54 പേർ. വാരിയം 82, താളുംകണ്ടം113, കുഞ്ചിപ്പാറ210, തലവച്ചപ്പാറ387 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വോട്ടർമാരുടെ എണ്ണം. ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിട്ട് ഉപജീവന മാർഗം തേടുന്നവരാണ് കുട്ടമ്പുഴയിലെ ആദിവാസികൾ. വാരിയം, തേര എന്നിവിടങ്ങളിൽ വൈദ്യുതി പോലുമില്ല. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമെന്ന പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾക്കുശേഷമാണ് ഈ ദുരവസ്ഥ. ഉറിയംപെട്ടിയിൽ പോളിംഗ് ബൂത്ത് ഇല്ലാത്തത് മറ്റൊരു പ്രശ്‌നമാണ്. 84 കുടുംബങ്ങൾ ഇവിടെയുണ്ട്. ഇരുപത് കലോമീറ്ററോളം ദൂരത്തുള്ള വെള്ളാരംകുത്തിലെ ബൂത്തിലാണ് ഇവർ വോട്ട് ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികൾ ജീപ്പിൽ കൊണ്ടുവരുന്നതിനാലാണ് പലരും വോട്ട് ചെയ്യാൻ തയ്യാറാകുന്നത്. ആദിവാസി മേഖലകളിൽ വോട്ട് ഇല്ലാത്തവർ ധാരാളമുണ്ട്. മറ്റ് പ്രദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നവരും ജോലിക്ക് പോകുന്നവരുമായ ഒട്ടേറെ പേർ വോട്ടർപട്ടികയില്ല.