ചന്ദ്ര മോഹനൻ രാജ കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി സ്ഥാനമേറ്റു

Thursday 09 April 2026 1:56 AM IST

കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി ചിറയ്ക്കൽ കോവിലകം ചന്ദ്രമോഹനൻ രാജ (86)സ്ഥാനമേറ്റു.ഇന്നലെ രാവിലെ തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അരിയും മഞ്ഞൾപൊടിയും പുഷ്പവും നാണയവും സമർപ്പിച്ച് അരിയിട്ട് വാഴ്ച നടത്തി അധികാര ദണ്ഡ് ഏറ്റെടുത്തു.തുടർന്ന് ശൃംഗപുരം ശിവക്ഷേത്രത്തിലും പടാകുളം അയ്യപ്പൻകാവ് ക്ഷേത്രത്തിലും ദർശനം നടത്തി.ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി ശ്രീകോവിലിന്റെ പടിഞ്ഞാറെ നട തുറന്ന് ദർശനം നടത്തി നെയ്ക്കിണ്ടി സമർപ്പിച്ചതോടെ സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയായി.

വലിയ തമ്പുരാനായിരുന്ന പുത്തൻകോവിലകം കുഞ്ഞുണ്ണിരാജയുടെ നിര്യാണത്തെ തുടർന്നാണിത്.ദേവസ്വം പ്രസിഡന്റ് കെ.രവീന്ദ്രൻ,ബോർഡ് മെമ്പർ അഡ്വ.കെ.പി.അജയൻ,ദേവസ്വം കമ്മിഷണർ എസ്.ആർ.ഉദയകുമാർ,അസി.കമ്മിഷണർ എം.ആർ.മിനി,മറ്റ് ദേവസ്വം ഉദ്യോഗസ്ഥരായ കെ.വിനോദ്,അജിത കുമാരി,സുധീർ മേലെപ്പാട്ട്,സത്യധർമ്മൻ അടികൾ,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ,തച്ചോളി വീട്ടുകാരുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.