സ്‌​മാ​ർ​ട്ട് ​സേ​വ് ​അ​ക്കൗ​ണ്ടു​​മാ​യി​ ​സി.​എ​സ്.​ബി​ ​ബാ​ങ്ക്

Thursday 09 April 2026 12:03 AM IST

കൊച്ചി: കോർ ബാങ്കിംഗ് പ്ലാറ്റ്ഫോമിന്റെ വിജയകരമായ നവീകരണത്തിന് ശേഷം ആദ്യ റീട്ടെയിൽ പദ്ധതിയായ സ്മാര്‍ട്ട് സേവ് അക്കൗണ്ട് സി.എസ്.ബി ബാങ്ക് അവതരിപ്പിച്ചു. സേവിംഗ്സ്, കറന്റ്, എൻ.ആർ.ഒ എന്നീ അക്കൗണ്ടുകളിൽ ഉപയോഗപ്പെടുത്താവുന്ന ഈ പുതിയ പദ്ധതിയിലൂടെ വെറുതെ കിടക്കുന്ന പണത്തിന് കൂടുതൽ നേട്ടം ഉറപ്പാക്കുന്നതോടൊപ്പം ആവശ്യാനുസരണം പണം പിൻവലിക്കാനുള്ള സൗകര്യവും ഈ പദ്ധതി നൽകുന്നു. 'ഓട്ടോ-സ്വീപ്പ്' സൗകര്യമാണ് ഈ അക്കൗണ്ടിന്റെ പ്രധാന സവിശേഷത. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത്തരത്തിൽ സ്വീപ്പ്-ഇൻ സൗകര്യത്തിലൂടെ മാറ്റുന്ന 13 മാസം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശ ലഭിക്കും. ഉപഭോക്താക്കൾ നേരിട്ട് ഇടപെടാതെ തന്നെ അധികമുള്ള പണം സ്ഥിരനിക്ഷേപമായി മാറുന്നതിനാൽ ഇതിലൂടെ മികച്ച നേട്ടം സാധ്യമാകുന്നു. ബാങ്കിന്റെ വിപുലമായ ഡിജിറ്റൽ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ കോർ ബാങ്കിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ഓട്ടോമേഷൻ അടിസ്ഥാനമാക്കിയ ഉപഭോക്തൃകേന്ദ്രിത സേവനങ്ങൾ കൂടുതൽ വ്യാപകമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം പണത്തിന് കൂടുതൽ മൂല്യം നൽകുന്നു. ഡിജിറ്റൽ പരിഷ്കരണത്തിന് പിന്നാലെ ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു ബാങ്കായി വളരാനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണിതെന്ന് സി.എസ്.ബി ബാങ്ക് ലയബിലിറ്റീസ് ഹെഡ് അനുപം കുമാർ പറഞ്ഞു.