നിശബ്ദം; വോട്ടു തേടൽ

Thursday 09 April 2026 12:06 AM IST
ക​ൽ​പ്പ​റ്റ​ ​എ​സ്.​കെ.​എം.​ജെ​ ​ഹൈ​സ്കൂ​ളി​ൽ​ ​നി​ന്ന് ​വി​ത​ര​ണം​ ​ചെ​യ്ത​ ​വോ​ട്ടിം​ഗ് ​മെ​ഷീ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പോ​ളിം​ഗ് ​സാ​മ​ഗ്രി​ക​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ. ഫോട്ടോ :അ​ന​ന്തു​ ​ആ​രിഫ

കോഴിക്കോട്: നിശബ്ദ പ്രചാരണ ദിവസം തിരക്ക് പിടിച്ച ഓട്ടത്തിലായിരുന്നു സ്ഥാനാർത്ഥികൾ. അവസാനവട്ട ഒരുക്കങ്ങളും വിലയിരുത്തലുകളുമായി രാഷ്ട്രീയ പാർട്ടി ഓഫീസുകളും സജീവമായിരുന്നു. കഴിയാവുന്നത്ര വോട്ടർമാരെ നേരിൽ കണ്ടും വിട്ടുപോയവരെ ഫോണിൽ ബന്ധപ്പെട്ടും സ്ഥാനാർത്ഥികൾ വോട്ടുറപ്പിച്ചു. പ്രമുഖരെ സന്ദർശിക്കാനും സ്ഥാനാർത്ഥികൾ മറന്നില്ല. രാവിലെ മുതൽ സ്ഥാനാർത്ഥികൾ ഒറ്റയ്ക്കും കൂട്ടമായും മണ്ഡലങ്ങളിൽ സജീവമായിരുന്നു. ആരാധനാലയങ്ങൾ സന്ദർശിച്ചും മോണിംഗ് വാക്ക് നടത്തിയും വോട്ടുറപ്പിച്ചു. വിവാഹ വീടുകളിലും കടകളിലുമെത്തി. തങ്ങളുടെ കോട്ട ഇളകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഓരോ മുന്നണികളും. ചിലയിടങ്ങൾ വെട്ടിപ്പിടിക്കാമെന്ന ആത്മവിശ്വാസവും വോട്ട് കൂടുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെക്കുന്നു. ബൂത്ത് ലെവൽ വർക്കുകളും പോളിംഗ് എജന്റുമാരെ ഏർപ്പാടാക്കുന്നതിനുള്ള പ്രവൃത്തികളും എല്ലായിടങ്ങളിലും പൂർത്തിയായി.

 പോളിംഗ് സാമഗ്രികളുടെ വിതരണം

പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ തന്നെ തടസമില്ലാതെ ആരംഭിച്ചു. ഇലക്ട്രാണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് യന്ത്രങ്ങൾ, മറ്റ് അനുബന്ധ സാമഗ്രികൾ ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങാനായി പോളിംഗ് ഉദ്യോഗസ്ഥർ അതിരാവിലെ തന്നെ വിതരണ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയിരുന്നു.ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തുകളിലേക്ക് തിരിച്ചത്. തിരക്കും ബഹളങ്ങളൊന്നുമില്ലാതെ ഉദ്യോഗസ്ഥർ സാമഗ്രികൾ വാങ്ങി ഏർപ്പെടുത്തിയ വാഹനങ്ങളിൽ മടങ്ങി. വിതരണ കേന്ദ്രങ്ങളിൽ ആവശ്യമായ കൗണ്ടറുകളും കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.