പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു,​ വോട്ടിന് കോഴ ആരോപണത്തിൽ കേസെടുത്ത് പൊലീസ്

Wednesday 08 April 2026 10:25 PM IST

പാലക്കാട് : പാലക്കാട്ട് വോട്ടിന് കോഴ നൽകിയെന്ന വിവാദത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കണ്ടാൽ തിരിച്ചറിയാവുന്ന എൻ.ഡി.എ പ്രതിനിധിക്കെതിരെയാണ് കേസെടുത്തത്.

വോട്ടിന് കോഴ നൽകിയെന്ന പരാതിയിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതായി ജില്ലാ കളക്ടർ എം.എസ്,​ മാധവിക്കുട്ടി നേരത്ത അറിയിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചു. പണം ലഭിച്ചില്ലെന്നാണ് വൃദ്ധയുടെ മൊഴി. 11നകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ശോഭ സുരേന്ദ്രനോട് സംസാരിച്ചുവെന്നും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ശോഭ സുരേന്ദ്രൻ ഏപ്രിൽ 8ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കനൻ പണം വിതരണം ചെയ്തു എന്നാണ് കോൺഗ്രസ് വീഡിയോ പുറത്തുവിട്ട് ആരോപിച്ചത്. മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട സ്ത്രീയുടെ മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് അവരുടെ മൊഴി. പ്രധാന സാക്ഷി പണം ലഭിച്ചില്ലെന്ന് പറഞ്ഞെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറുടെ നിലപാട്. തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാല കളക്ടർ നൽകിയിട്ടുണ്ട്. മുംബയ് മലയാളിയായ സിമി രാജീവ് എന്ന സ്ത്രീയാണ് പണം നൽകിയതെന്നാണ് ശോഭാ സുരേന്ദ്രനൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭയ്ക്കൊപ്പം ഇവർ നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇരുവശത്തുമായി ഇരുവരും നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്.