കൊലക്കേസ് പ്രതിയെന്ന് നോട്ടീസ്: പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി

Thursday 09 April 2026 2:43 AM IST

അടൂർ : കൊലക്കേസ് പ്രതിയാണെന്ന് ആരോപിച്ച് തനിക്കെതിരെ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിൽ മനംനൊന്ത് സ്ഥാനാർത്ഥി മാദ്ധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. അടൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി.ശാന്തകുമാറിനെതിരെയാണ് വ്യാജ നോട്ടീസ് ഇറങ്ങിയത്. 2008ൽ കല്ലേലിയിൽ നടന്ന കൊലപാതകത്തിൽ ശാന്തകുമാർ പ്രതിയാണെന്നാണ് പരമാർശം. എന്നാൽ,​ ഇതുമായി ശാന്തകുമാറിന് ബന്ധമില്ല. പ്രസിന്റെ പേരോ പ്രസിദ്ധീകരിച്ചവരുടെ പേരോ നോട്ടീസിലില്ല. നോട്ടീസ് പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാത്രി യു.ഡി.എഫ് പ്രവർത്തകർ അടൂർ ആർ.ഡി.ഒ ഓഫീസ് ഉപരോധിച്ചിരുന്നു. നടപടിയെടുക്കാമെന്ന് സ്ഥലത്തെത്തിയ ജില്ല കളക്ടർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതിനിടെയാണ് ശാന്തകുമാർ മാദ്ധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത്.

താൻ ഒരുകൊലക്കേസിലും പ്രതിയല്ലെന്നും തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്നെ തേജോവധം ചെയ്യാൻ സി.പി.എമ്മാണ് നോട്ടീസ് തയ്യാറാക്കിയത്. ജീവനുപോലും ഭീഷണിയുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എൽ.ഡി.എഫ് പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. എൽ.ഡി.എഫ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതായി ആരോപിച്ച് സി.പി.ഐ ജില്ല സെക്രട്ടറിയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ ധർണ നടത്തി.