വീണ്ടും കിറ്റ് വിവാദം:പിടിച്ചെടുത്തത് 750ൽ ഏറെ കിറ്റുകൾ

Thursday 09 April 2026 2:56 AM IST

തൃശൂർ: തൃശൂരിൽ വീണ്ടും കിറ്റ് വിവാദം. തൃശൂർ മണ്ഡലത്തിലെ അച്ചാർ നിർമ്മാണ കമ്പനിക്കുള്ളിൽ വിതരണം ചെയ്യാനുള്ള 750ലേറെ ഭക്ഷ്യക്കിറ്റുകൾ കണ്ടെത്തി. അച്ചാർ കമ്പനിയിൽ അസാധാരണമായി വാഹനങ്ങൾ വന്നുപോകുന്നത് സംശയം തോന്നിയ പ്രാദേശിക എൽ.ഡി.എഫ് പ്രവർത്തകരാണ് സംഭവം നേതാക്കളെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അരി,സോപ്പ്,പരിപ്പ്,ഉപ്പ്,മഞ്ഞൾപ്പൊടി,വെളിച്ചെണ്ണ എന്നിവ അടങ്ങിയ വലിയ കിറ്റുകൾ പാക്ക് ചെയ്ത നിലയിൽ കണ്ടെത്തി.തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥിയുടെ സഹോദരന്റെ സ്ഥാപനമാണെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.

കമ്പനിക്ക് സമീപത്ത് ചാക്ക് കണക്കിന് അരി ലോഡ് ഇട്ടിരിക്കുന്നതായും ടെമ്പോ വാനുകളിൽ ഇവ കടത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്. കിറ്റുകൾ ഓരോ ബൂത്തിലേക്കും എത്തിക്കാനായിട്ടാണ് ശേഖരിച്ചു വെച്ചിരുന്നത്. ഒരു ലോഡ് അരി കൂടി ഇവിടെയെത്തിയിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും,വി.എസ്.സുനിൽ കുമാർ,അനൂപ് ഡേവിസ് കാട എന്നിവർ സ്ഥലത്തെത്തി. നേരത്തെ ബി.ജെ.പിക്കെതിരെ ഒളരിക്കരയിലും വാടാനപ്പിള്ളിയിലും കിറ്റ് വിവാദം ഉയർന്നിരുന്നു.