അടിച്ചോണ്ട് പോയി, കൂറ്റൻ 'മൊബൈൽ ടവർ'!

Thursday 09 April 2026 11:07 PM IST

കൊച്ചി: 40 മീറ്റർ ഉയരമുള്ള കൂറ്റൻ മൊബൈൽ ടവർ മോഷ്ടിച്ച് കടത്തിയെന്ന് പരാതി. 15 കെ.വി ഡീസൽ ജനറേറ്റർ, ബാറ്ററികൾ, എ.സി എന്നിവയടക്കം 17.87 ലക്ഷം രൂപയുടെ സാധനങ്ങളാണ് പോയത്. ടവർ സ്ഥാപിച്ച നവി മുംബയ് ആസ്ഥാനമായ കമ്പനിയുടെ പരാതിയിൽ ഉദയംപേരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

2008ലാണ് കമ്പനി അഞ്ച് സെന്റ് സ്ഥലത്ത് ടവർ സ്ഥാപിച്ചത്. ഏതാനും വർഷമേ പ്രവർത്തിപ്പിക്കാനായുള്ളൂ. 2025 ഡിസംബറിൽ കമ്പനിയുടെ ഉന്നത ജീവനക്കാർ സൈറ്റ് വിസിറ്റിനായി എത്തിയപ്പോൾ ടവർ സ്ഥലത്തില്ലായിരുന്നു. തുടർന്ന് കോടതിയെ സമീപിച്ചു.

കോടതി നിർദ്ദേശപ്രകാരമാണ് ഉദയംപേരൂർ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തത്. 20 വർഷത്തേക്ക് കരാർ എടുത്ത ശേഷമായിരുന്നു കമ്പനി ടവർ സ്ഥാപിച്ചത്.

അതേസമയം, കരാർ പ്രകാരം വാടക നൽകാത്തതിനെ തുടർന്ന് സ്ഥലമുടമ ടവർ പൊളിച്ച് മാറ്റുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. വാടക മുടങ്ങിയതോടെ സ്ഥലമുടമ ടവർ നീക്കാൻ രേഖാമൂലം കമ്പനിക്ക് കത്ത് അയച്ചെങ്കിലും ഇടപെടലുണ്ടായില്ല. കാലപ്പഴക്കം മൂലം ഇടിഞ്ഞുവീഴുമെന്ന സാഹചര്യം ഉണ്ടായതോടെ ഇയാൾ നിയമപരമായി ടവർ പൊളിച്ച് മാറ്റുകയായിരുന്നു എന്നാണ് സൂചന.

'സംഭവബഹുലമായ' മോഷണക്കേസിൽ സ്ഥലമുടമ കമ്പനിക്ക് അയച്ച കത്തും മറ്റും ഉൾപ്പെടുത്തി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. കോടതി നിർദ്ദേശം അനുസരിച്ചായിരിക്കും കേസിലെ തുടർനടപടി

പട്‌നയിലെ ടവർ മോഷണം

2022ലാണ് രാജ്യത്തെ ഞെട്ടിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ആദ്യ മൊബൈൽ ടവർ മോഷണം നടന്നത്. കമ്പനിയുടെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ കള്ളന്മാർ 19 ലക്ഷം രൂപ വിലമതിക്കുന്ന ടവർ പതിയെ അഴിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. ലാഭമില്ലാത്തതിനാൽ മറ്റൊരിടത്തേക്ക് ടവർ മാറ്റുകയാണെന്ന് സ്ഥലമുടമയെ വിശ്വസിപ്പിച്ചായിരുന്നു മോഷണം.

സമാന സംഭവങ്ങൾ പിന്നീട് യു.പിയിലും മുംബയിലും നടന്നു.

.