ബൂത്തിലേക്ക് ലെഫ്ട്... റൈറ്റ്...
കൊല്ലം: പുത്തൻ പ്രചാരണ അടവുകളും കൊട്ടിക്കലാശവും നിശബ്ദ പ്രചാരണവും പൂർത്തിയാക്കി വിധിയെഴുത്തിനായി ഇന്ന് ജനം പോളിംഗ് ബൂത്തിലേക്ക്. ജില്ലയിലെ 2256 പോളിംഗ് ബൂത്തുകളായാണ് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂമിൽ സജ്ജമാക്കിയ സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പാക്കി.
വിവിധ ഐ.ടി പ്ലാറ്റുഫോമുകളുടെ അപ്‌ഡേഷനും വോട്ടിംഗ് പ്രക്രിയയുടെ തത്സമയ പുരോഗതി വിലയിരുത്താനുമാണ് ഈ സംവിധാനങ്ങൾ. ഓരോ പോളിംഗ് സ്റ്റേഷനിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും. പോളിംഗ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറാൻ ഇ.സി.ഐ നെറ്റ് പ്രൊ, എൻകോർ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഏകോപനവും ഉണ്ട്.
ഓരോ ബൂത്തുകളിലേക്കും ഒരു കൺട്രോൾ യൂണിറ്റ്, ഒരു ബാലറ്റ് യൂണിറ്റ്, ഒരു വി.വി പാറ്റ് എന്നിവ ഉൾപ്പെട്ട ഒരു ഇ.വി.എമ്മാണ് നൽകിയത്. വോട്ടിംഗ് പ്രക്രിയ മുഴുവൻസമയ നിരീക്ഷണത്തിന് വിധേയമാക്കി കുറ്റമറ്റ നിലയിൽ പൂർത്തിയാക്കുമെന്ന് കളക്ടർ എൻ. ദേവിദാസ് അറിയിച്ചു.
രാജ്യാന്തര സംവിധാനങ്ങളുള്ള ബൂത്തും
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ അത്യാധുനിക സംവിധാനങ്ങളുള്ള പോളിംഗ് ബൂത്താണ് സജ്ജമാക്കിയിട്ടുള്ളത്. പരവതാനി, വിശ്രമിക്കാൻ പ്രത്യേക കാത്തിരിപ്പ് കേന്ദ്രം, ഹെൽപ്പ് ഡെസ്‌ക്, ബൂത്തിനകത്ത് കൂളറുകൾ, ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കും. കൂടാതെ ലഘുഭക്ഷണശാല, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യങ്ങൾ, കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്കായി ഫീഡിംഗ് റൂം, കുട്ടികൾക്ക് വിനോദത്തിനായി പ്രത്യേകസ്ഥലം, ശാരീരിക അവശതകൾ നേരിടുന്നവർക്ക് വീൽച്ചെയറുകൾ, നഴ്‌സിന്റെ സേവനവും ആംബുലൻസ് സൗകര്യവും ഇവിടെയുണ്ട്.
പോളിംഗ് രാവിലെ 7 മുതൽ
പോളിംഗ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
ക്യൂ നീണ്ടാൽ നിശ്ചിത സമയം കഴിഞ്ഞും വോട്ട് രേഖപ്പെടുത്താൻ അവസരം
പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട ടോക്കൺ നൽകും
ടോക്കൺ ലഭിക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാം
മോക് പോളിംഗ് രാവിലെ 5.30ന്
തിരിച്ചറിയൽ രേഖകൾ
തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഫോട്ടോ ഐഡന്റിറ്റി കാർഡാണ് പ്രധാന രേഖ.
ആധാർ കാർഡ്
തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്,
ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്
ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്
ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
പാൻ കാർഡ്
എൻ.പി.ആറിന്റെ ഭാഗമായി നൽകിയ സ്മാർട്ട് കാർഡ്
പാസ്‌പോർട്ട്
ഫോട്ടോയോടുകൂടിയ പെൻഷൻ രേഖ
കേന്ദ്രസംസ്ഥാന സർക്കാരുകളോ പൊതുമേഖലസ്ഥാപനങ്ങളോ നൽകുന്ന ഫോട്ടോ തിരിച്ചറിയൽ കാർഡുകൾ
എം.പി/എം.എൽ.എമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
കേന്ദ്ര സാമൂഹ്യനീതി/ശാക്തീകരണ മന്ത്രാലയം നൽകുന്ന യുണീക് ഡിസബിലിറ്റി ഐഡി (യു.ഡി ഐ.ഡി) കാർഡ്