വനിത പൊലീസിന്റെ കൊലപാതകം(ഡെക്ക്)​ ഭർത്താവ് കുറ്റക്കാരൻ ശിക്ഷ 10ന്

Thursday 09 April 2026 12:46 AM IST

തലശേരി: വനിത സിവിൽ പൊലീസ് ഓഫീസറെ വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി കുറ്റക്കാരനാണെന്ന് തലശേരി ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വിധിച്ചു.

തൃശൂർ ആമ്ഡ് ബെറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ (38) 2024 നവംബർ 21ന് വൈകിട്ടാണ് വീട്ടിൽവച്ച് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ ഭർത്താവ് കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ. രാജേഷ് (41) ആണ് പ്രതി. കൊലപാതകം ഉൾപ്പെടെ നാലു വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ 10ന് പ്രഖ്യാപിക്കും.

ആസൂത്രിതവും ഏറെ പൈശാചികവും ക്രൂരവുമായ കൊലപാതകമാണിതെന്നും അപൂർവങ്ങളിൽ അപൂർവമായ സംഭവമായതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദം.

സംഭവ ദിവസം രാവിലെ കണ്ണൂർ കുടുംബ കോടതിയിൽ ദിവ്യശ്രീ ഹാജരായിരുന്നു. തുടർന്ന് ഭർത്താവുമായുള്ള വിവാഹ മോചനം നേടിയാണ് വീട്ടിലെത്തിയത്. പ്രതി സംഭവ ദിവസം പെട്രോളും കത്തിയും സംഘടിപ്പിച്ച് ബൈക്കിൽ ദിവ്യശ്രീയുടെ വീട്ടിലെത്തി വീടിന്റെ മുൻവശത്തെ ഗ്രിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. ദിവ്യശ്രീയെ പിടിച്ച് പുറത്തിറക്കി ദേഹത്ത് പെട്രോൾ ഒഴിച്ചു. തുടർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തി. തടയാൻ എത്തിയ ദിവ്യശ്രീയുടെ പിതാവ് കെ. വാസുവിനും വെട്ടേറ്റിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ല ഗവ. പ്ലീഡർ അജിത്കുമാർ ഹാജരായി.