കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടിരുന്ന പടക്കം പൊട്ടിത്തെറിച്ചു
10 വർഷം മുമ്പ് പിടിച്ചെടുത്തവ
കടയ്ക്കൽ: കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടിരുന്ന പടക്കം പൊട്ടിത്തെറിച്ചു, ആളപായമില്ല. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് പടക്കമാണെന്ന് തിരിച്ചറിഞ്ഞത്.സ്റ്റേഷനും പൊലീസ് ക്വാട്ടേഴ്സും ഒരേ കോമ്പൗണ്ടിലാണ്. 2016ൽ അനധികൃത കച്ചവടക്കാരിൽ നിന്ന് പിടിച്ചെടുത്ത പടക്കങ്ങൾ ആദ്യം സൂക്ഷിച്ചിരുന്നത് പഴയ പൊലീസ് ക്വാട്ടേഴ്സിലാണ്. കെട്ടിടം പൊളിച്ചതോടെ പൊലീസ് സ്റ്റേഷനും ക്വട്ടേഴ്സിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലും പടക്കം കുഴിച്ചുമൂടുകയായിരുന്നു. വെയിലിന്റെ കാഠിന്യത്തിൽ പടക്കം പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സാധാരണ പടക്കങ്ങൾ പിടികൂടിയാൽ പാറക്വാറികളിലെത്തിച്ച് വിദഗ്ദ്ധരുടെ സഹായത്തോടെ നിർവീര്യമാക്കുകയാണ് പതിവ്. ആരുടെ നിർദ്ദേശ പ്രകാരമാണ് പടക്കം കുഴിച്ചുമൂടിയതെന്നതടക്കം അന്വേഷിക്കും. ദുരൂഹതയില്ലെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. കൊല്ലം റൂറൽ എസ്.പി ടി.കെ.വിഷ്ണു പ്രദീപ് സ്ഥലം സന്ദർശിച്ചു. സി.ഐ വി.ആർ.ശിവകുമാർ,എസ്.ഐ ടി.ഷിജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധിച്ചു. കടയ്ക്കൽ ഫയർസ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി തുടർ സ്ഫോടനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ക്വാട്ടേഴ്സിലെ ജനാല തകർന്നു
സ്ഫോടനശബ്ദം ഏകദേശം അര കിലോമീറ്ററോളം കേട്ടതായി നാട്ടുകാർ പറയുന്നു. പൊട്ടിത്തെറിയുടെ ശക്തിയിൽ പൊലീസ് ക്വാർട്ടേഴ്സിലെ ജനാലകളുടെ ഗ്ലാസ് തകർന്നു. പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. ആളപായമില്ലെങ്കിലും എങ്ങനെയാണ് അപകടം സംഭവിച്ചതെന്നോ എന്താണ് പൊട്ടിത്തെറിച്ചതെന്നോ ആദ്യം അറിയാൻ കഴിയാതിരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കി.