വനംവകുപ്പ് പിടികൂടിയ പുള്ളിപ്പുലി ചത്തു 

Thursday 09 April 2026 1:50 AM IST

പനമരം: പനമരം ഓടക്കൊല്ലിയിലെ ജനവാസ മേഖലയിൽനിന്ന് വനംവകുപ്പ് പിടികൂടിയ പുള്ളിപ്പുലി ചത്തു. വല ഉപയോഗിച്ച് പിടികൂടിയ പുലിയെ ബത്തേരി കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പിടികൂടുമ്പോൾ പുലി അവശനിലയിലായിരുന്നു. കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടത്തി.

ചൊവ്വാഴ്ച രാവിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുള്ളിപ്പുലി മൂന്ന് ആടുകളെ ആക്രമിച്ച് കൊന്നിരുന്നു. ഓടപുലി സ്വദേശി വാസുദേവന്റെ ആടുകളെയാണ് കൊന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജനവാസ മേഖലയിൽ തന്നെ പുലിയുണ്ടെന്ന് വ്യക്തമായതോടെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. തുടർന്ന് നാട്ടുകാർക്ക് ജാഗ്രതാനിർദ്ദേശം നൽകി പുലിയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. അധികം വൈകാതെ ജനവാസ മേഖലയിൽ അവശനിലയിൽ കണ്ട പുലിയെ വല ഉപയോഗിച്ച് പിടികൂടുകയായിരുന്നു. മൂന്ന് ആടുകളുടെ മാംസം പകുതിയോളം ഭക്ഷിച്ച പുലി എങ്ങനെയാണ് അവശനിലയിലായതെന്ന് വ്യക്തമല്ല. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.