കച്ചിക്കടവ്- മുണ്ടയ്ക്കൽ ഭാഗത്ത് കൊല്ലം തോട്ടിലേക്ക് കക്കൂസ് മാലിന്യം

Thursday 09 April 2026 12:22 AM IST

കൊല്ലം: കച്ചിക്കടവ് മുണ്ടയ്ക്കൽ ഭാഗം കേന്ദ്രീകരിച്ച് കൊല്ലം തോട്ടിലും സമീപ പ്രദേശങ്ങളിലും നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നു. മാലിന്യവുമായി എത്തിയ ടാങ്കർ ലോറി കഴിഞ്ഞ ദിവസം അർദ്ധരാത്രി പ്രദേശത്തെ യുവാക്കൾ കൈയോടെ പിടികൂടി. ഉദയമാർത്താണ്ഡപുരം ചേരിയിൽ കൊണ്ടേത്ത് പാലത്തിന് സമീപത്താണ് ടാങ്കർ തടഞ്ഞത്. ഡിവിഷൻ കൗൺസിലർമാരായ ജയലക്ഷ്മി, ദീപിക പ്രമോജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഈസ്റ്റ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

പ്രദേശത്ത് കുറച്ചുകാലമായി മാലിന്യ മാഫിയയുടെ ശല്യം രൂക്ഷമാണ്. അർദ്ധരാത്രിയിലും പുലർച്ചെയുമായി ടാങ്കറുകളിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം തോട്ടിലേക്കും പരിസരത്തേക്കും ഒഴുക്കിവിടുന്നു. അസഹ്യമായ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. തോട്ടിൽ മാലിന്യം തള്ളുന്നത് ഭൂഗർഭ ജലത്തെയും മലിനപ്പെടുത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. സമീപത്തെ വീടുകളിലെ കിണറുകളിൽ മാരകമായ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്നതും ആശങ്ക പരത്തുന്നു.

കൊല്ലം തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ജലാശയങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. തോടിന്റെ കരകളിൽ ക്യാമറ സ്ഥാപിക്കണം.

ജയലക്ഷ്മി, മുണ്ടയ്ക്കൽ കൗൺസിലർ