ആവേശപ്പോരിന് ഇന്ന് ജനവിധി
തിരൂർ: തിരൂരിൽ ആവേശക്കൊടുമുടിയേറിയ പോരാട്ടത്തിന് ഇന്ന് ജനങ്ങൾ വിധിയെഴുതും. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. അബ്ദുറഹ്മാൻ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിക്കുമ്പോൾ സിറ്റിംഗ് എം.എൽ.എയായ മുസ്ലിം ലീഗിന്റെ കുറുക്കോളി മൊയ്തീൻ ഏണി ചിഹ്നത്തിലാണ് കളത്തിലിറങ്ങുന്നത്. ആം ആദ്മി പാർട്ടിയുടെ കബീർഎന്ന ഷമീർ കുറ്റൂർ ചൂൽ ചിഹ്നത്തിലും ബി.ജെ.പിയുടെ കെ. നാരായണൻ താമര ചിഹ്നത്തിലും എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി ഡോ. എസ്. അലീന ബാറ്ററി ടോർച്ച് ചിഹ്നത്തിലും സോഷ്യലിസ്റ്റ് പാർട്ടി-ഇന്ത്യ സ്ഥാനാർത്ഥിയായി സിയാദ് കൂടിയത്ത് കപ്പൽ ചിഹ്നത്തിലും മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥികളായി അബ്ദുറഹിമാൻകുഞ്ഞീൻ ഡിഷ് ആന്റിന ചിഹ്നത്തിലും അബ്ദുറഹിമാൻ കുഞ്ഞാവ ബൈ സിക്കിൾ പമ്പ് ചിഹ്നത്തിലും സ്വതന്ത്ര സ്ഥാനാർത്ഥി മൊയ്തീൻ കൂമുള്ളിപറമ്പിൽ ടി.വി. റിമോട്ട് ചിഹ്നത്തിലുമാണ് മത്സര രംഗത്തുള്ളത്.
വോട്ടർമാർ
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തിരൂർ മണ്ഡലത്തിലാണ്. 2,55,441 വോട്ടർമാരാണ് തിരൂർ മണ്ഡലത്തിൽ ആകെയുള്ളത്.
ഇതിൽ 1,28,200 പുരുഷ വോട്ടർമാരും 1,27,229 സ്ത്രീ വോട്ടർമാരും 12 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. 85 വയസ്സിന് മുകളിലുള്ള 494 പേരും ഭിന്നശേഷിക്കാരായ 711 പേരും ഇതിനോടകം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
9,405 പ്രവാസി വോട്ടർമാരുള്ള തിരൂരാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്. ഇതിൽ 8,631 പുരുഷ വോട്ടർമാരും 774 സ്ത്രീ പ്രവാസി വോട്ടർമാരുള്ളത്. 6,975 കന്നി വോട്ടർമാരാണ് തിരൂരിലുള്ളത്.