'ഡാഷ് മോൻ' പൂരിപ്പിക്കേണ്ടത് അവരവ‌ർ,​ സതീശന്റെ വനവാസം വോട്ടെണ്ണലിന് ശേഷം പറയാമെന്ന് മുഖ്യമന്ത്രി

Thursday 09 April 2026 9:55 AM IST

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ്‌മോൻ പരാമർശം അവരവർ തന്നെ പൂരിപ്പിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കി കാര്യങ്ങൾ വോട്ടെണ്ണലിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഏക മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. കൂടുതൽ കാര്യങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ പിണറായി ആർസി അമല ബേസിക് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വനവാസത്തിന് പോകുമോ എന്ന ചോദ്യത്തിന്, എല്ലാം വോട്ടെണ്ണലിന് ശേഷം പറയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചുരുങ്ങിയ വാക്കുകളിലുള്ള മറുപടി.

അതേസമയം സംസ്ഥാനത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. 20 ശതമാനമാണ് കേരളത്തിൽ ആകെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകളിൽ ദൃശ്യമാകുന്നത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ- തിരുവനന്തപുരം 15.38 ശതമാനം, കൊല്ലം 15.77ശതമാനം, പത്തനംതിട്ട 16.49ശതമാനം,ആലപ്പുഴ 14.71ശതമാനം, കോട്ടയം 15.6ശതമാനം, ഇടുക്കി 15,3ശതമാനം, എറണാകുളം 14.7ശതമാനം, തൃശ്ശൂർ 14.8ശതമാനം, പാലക്കാട് 15.6ശതമാനം, മലപ്പുറം 15.1ശതമാനം, കോഴിക്കോട് 15.74ശതമാനം, വയനാട് 15.2ശതമാനം, കണ്ണൂർ 14.3ശതമാനം, കാസർകോട് 14.1ശതമാനം.