തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല, നടൻ മാത്യു പെറിയുടെ മരണത്തിൽ ഇന്ത്യൻ വംശജയ്ക്ക് 15 വർഷം തടവ്
വാഷിംഗ്‌ടൺ: ഹോളിവുഡ് താരം മാത്യു പെറിയുടെ മരണത്തിനിടയാക്കിയ മയക്കുമരുന്ന് കേസിൽ 'കെറ്റമിൻ ക്വീൻ' എന്നറിയപ്പെടുന്ന ജസ്വീൻ സംഗയ്ക്ക് 15 വർഷം തടവുശിക്ഷ. ബുധനാഴ്ചയാണ് യുഎസ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചുപേരിൽ മുഖ്യപ്രതിയാണ് ഇവർ. ഹോളിവുഡിലെ സെലിബ്രിറ്റികൾക്ക് സ്ഥിരമായി ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന ഇന്ത്യൻ വംശജയായ ബ്രിട്ടീഷ്-അമേരിക്കൻ പൗരയാണ് 42കാരിയായ ജസ്വീൻ.
ലണ്ടനിൽ ജനിച്ച പഞ്ചാബി വംശജയായ ജസ്വീൻ ലോസേഞ്ചലസ് കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഹോളിവുഡിലെ അതിസമ്പന്നർക്കും സെലിബ്രിറ്റികൾക്കും മാത്രം മയക്കുമരുന്ന് നൽകുന്ന വിഐപി ഡീലർ എന്ന നിലയിലാണ് ജസ്വീൻ അറിയപ്പെട്ടിരുന്നത്.
2023ൽ ഫ്രണ്ട്സ് സീരിസിലെ താരം മാത്യു പെറിയെ തന്റെ ആഡംബര വസതിയിലെ ഹോട്ട് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെറ്റമിൻ അമിതമായി ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. മാത്യു പെറി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ മാത്രം 51 കുപ്പി കെറ്റമിൻ ജസ്വീൻ കൈമാറിയതായി പ്രോസിക്യൂഷൻ കണ്ടെത്തി. എറിക് ഫ്‌ളെമിംഗ് എന്നയാൾ വഴിയാണ് നടന്റെ സഹായിയായ കെന്നത്ത് ഇവാമസയ്‌ക്ക് ഇവർ മരുന്ന് എത്തിച്ചിരുന്നത്.
നടന്റെ മരണം വാർത്തയായതോടെ, മരുന്ന് എത്തിച്ചുനൽകിയ എറിക് ഫ്‌ളെമിംഗിനോട് മെസേജുകളെല്ലാം ഡീലീറ്റ് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ട് ജസ്വീൻ സന്ദേശമയച്ചിരുന്നു. സിഗ്നൽ ആപ്പ് വഴി നടത്തിയ സംഭാഷണങ്ങൾ പിന്നീട് അന്വേഷണസംഘം കണ്ടെടുത്തുകയായിരുന്നു.
ഉയർന്ന വിദ്യാഭ്യാസവും സമ്പന്ന കുടുംബ പശ്ചാത്തലവുമുള്ള ജസ്വീൻ പണക്കൊതിയും ഗ്ലാമറും ലക്ഷ്യം വച്ചാണ് ലഹരിമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങതിരിച്ചതെന്ന് കോടതി നിരീക്ഷിച്ചു. മാത്യു പെറിയെ കൂടാതെ 2019-ൽ കോഡി മക്ലൗറി എന്ന മറ്റൊരാളുടെ മരണത്തിലും ജസ്വീൻ വിതരണം ചെയ്ത കെറ്റമിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. തന്റെ മയക്കുമരുന്ന് ഉപയോഗിച്ച് ആളുകൾ മരിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇവർ കച്ചവടം തുടരുകയായിരുന്നു.
ജസ്വീൻ കുറ്റം സമ്മതിച്ചതുകൊണ്ടും മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് തള്ളി. 15 വർഷത്തെ കഠിനതടവാണ് വിധിച്ചത്. 2024 ഓഗസ്റ്റ് മുതൽ ഇവർ ഫെഡറൽ കസ്റ്റഡിയിലാണ്.