സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 1720 രൂപ, നിരക്ക് ഇങ്ങനെ

Thursday 09 April 2026 10:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 215 രൂപ കുറഞ്ഞ് 13,885രൂപയായി. ഇന്നലെ ഒറ്റയടിക്ക് പവന് 2990 രൂപ ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,800 രൂപയും ഒരു ഗ്രാം സ്വർണത്തിന് 14,100 രൂപയുമായിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്.

സാധാരണയായി ഒരു യുദ്ധം വരുമ്പോള്‍ സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ദ്ധിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം ഒന്നര മാസം പിന്നിടുമ്പോള്‍ സ്ഥിതി മറിച്ചാണ്. റെക്കോഡ് മുന്നേറ്റം നടത്തി സ്വര്‍ണവും വെള്ളിയും കുതിച്ചപ്പോഴാണ് യുദ്ധമെത്തിയത്. ഇതോടെ വില കുത്തനെ കുറഞ്ഞു. കേരളത്തില്‍ 1.30 ലക്ഷം എന്ന വിലയില്‍ നിന്ന് ഒരുവേള 99,000ലേക്ക് പോലും വില കൂപ്പ്കുത്തിയിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സാധനം വാങ്ങിക്കൂട്ടിയവരാണ് ഇതോടെ പെട്ടുപോയത്.

പ്രധാനമായും നാല് കാരണങ്ങളാണ് സ്വര്‍ണം താഴെപ്പോകാനുള്ള കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് ഇതില്‍ പ്രധാനപ്പെട്ടത്. പലിശ നിരക്കില്‍ വന്ന മാറ്റവും വ്യവസായ മേഖലയില്‍ അനുഭവപ്പെട്ട മാന്ദ്യവും പ്രധാന കാരണങ്ങളാണ്. ഇതിന് പുറമേ വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ സ്വര്‍ണം വിറ്റ് ഒഴിവാക്കിയതും വില കുറയുന്നതിലേക്ക് നയിച്ചു. സ്വന്തം രാജ്യത്തെ കറന്‍സികള്‍ തകരാതിരിക്കാന്‍ റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2600 രൂപയുമാണ് വില വരുന്നത്.