സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ജയി ജയകുമാർ ഇനി അഞ്ചുപേരിലൂടെ ജീവിക്കും
തിരുവനന്തപുരം: മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിനിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നു. കിളിമാനൂർ സ്വദേശിനി ജയി ജയകുമാറിന്റെ (35) ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേയ്ക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. ഏപ്രിൽ രണ്ടിനാണ് ജയിയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്‌തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.
വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം ഉൾപ്പടെയുള്ള ആറ് അവയവങ്ങൾ അടുത്തിടെ ദാനം ചെയ്തിരുന്നു. ഹൃദയം കൂടാതെ രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെയും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഒഫ്ത്താൽമോളോജിയിലെ രോഗികൾക്കുമാണ് നൽകിയത്.
വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ ഏപ്രിൽ ഒന്നിന് രാത്രി ഒൻപതോടെ സൈക്കിളിൽ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ ഒരുവാതിൽ കോട്ട എസ് വളവിന് സമീപമുളള കൃഷിഭവന് മുന്നിലാണ് കാർ ഇടിച്ച് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണലാലിനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു