കൂത്താട്ടുകുളത്ത് ദുരന്തം വിതയ്ക്കാൻ കൂറ്റൻ മരങ്ങൾ; ഉണർന്ന് പ്രവർത്തിക്കാതെ അധികൃതർ
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരത്തിലെ സബ് രജിസ്ട്രാർ ഓഫീസ് വളപ്പിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയെടുക്കാതെ അധികൃതർ. തിരക്കേറിയ എം.സി റോഡിലേക്കും സമീപത്തെ വഴിയിലേക്കുമായി ഏതുനിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ് ഇത്തിൾക്കണ്ണി പടർന്നുപിടിച്ച അഞ്ചോളം മരങ്ങൾ നിൽക്കുന്നത്.
മരങ്ങൾക്കടിയിലൂടെയാണ് പ്രധാന വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്. തൊട്ടടുത്ത് തന്നെ ഒരു പെട്രോൾ പമ്പും പ്രവർത്തിക്കുന്നതിനാൽ മരം വീണാലുണ്ടാകുന്ന അപകടത്തിന്റെ വ്യാപ്തി പ്രവചനാതീതമാണ്. ഇത്തിൾക്കണ്ണി പടർന്ന് പിടിച്ചതിനാൽ മരങ്ങൾ പലതും ദുർബലാവസ്ഥയിലാണ്. ചെറിയ കാറ്റിൽ പോലും ഇവ നിലംപതിക്കാൻ സാദ്ധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള ഈ മരങ്ങൾക്ക് താഴെ പതിവായി നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
മുന്നറിയിപ്പായി മുൻപുണ്ടായ അപകടം മാസങ്ങൾക്ക് മുൻപ് ഇതേ വളപ്പിലെ ഒരു മരം കടപുഴകി വീണ് എം.സി റോഡരികിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൂർണമായും തകർന്നിരുന്നു. അന്ന് കാത്തിരിപ്പുകേന്ദ്രത്തിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എം.സി റോഡിലേക്ക് വീണ്ടും ഈ മരങ്ങൾ കടപുഴകി വീണാൽ വൻ ദുരന്തമാകും സംഭവിക്കുക.
ഫയലിലുറങ്ങി പരാതികൾ അപകട ഭീഷണി അടിയന്തരമായി ഒഴിവാക്കണമെന്ന് കാണിച്ച് സബ് രജിസ്ട്രാർ ഓഫീസ് അധികൃതർ തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, നാളിതുവരെയായിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
എത്രയും പെട്ടെന്ന് വെട്ടിമാറ്റാനുള്ള നടപടികൾ സ്വീകരിക്കാനായി ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ട്. നഗരസഭാ ഉപദേശക സമിതിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. എ.സി. ബിജീഷ, സബ് രജിസ്ട്രാർ,
കൂത്താട്ടുകുളം
നടപടികൾ സ്വീകരിക്കേണ്ടത് വകുപ്പ് തലത്തിലാണ്. ഇവർ അനുവദിച്ചാൽ മുനിസിപ്പാലിറ്റി നേരിട്ട് നടപടിയെടുക്കും. ജനത്തിന്റെ ജീവനാണ് വലുത്. റെജി ജോൺ. നഗരസഭാ ചെയർമാൻ
കൂത്താട്ടുകുളം
സമീപത്തെ വ്യാപാരികളും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരും ഭീതിയിലാണ്. സമീപവാസികളും ഈ മരങ്ങളുടെ അടിയിലൂടെ ഭയത്തോടെയാണ് കടന്നു പോകുന്നത്. അധികൃതർ നടപടിയെടുത്തില്ലെങ്കിൽ അപകടം ഉറപ്പാണ് മർക്കോസ് ജോയി, പ്രസിഡന്റ്,
മർച്ചന്റ്സ് അസോസിയേഷൻ,
കൂത്താട്ടുകുളം