പാമ്പുകളോട് ചങ്ങാത്തം കൂടുന്ന ഇന്ത്യൻ ഗ്രാമം; വീടുകളിലും സ്‌കൂളുകളിലും കയറിയിറങ്ങും, കുട്ടികൾക്കുപോലും ഭയമില്ല

Thursday 09 April 2026 4:36 PM IST

മനുഷ്യൻ ഏറ്റവും അധികം ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പുകൾ. വീടിന്റെ പരിസരങ്ങളിലെവിടെയെങ്കിലും പാമ്പിനെ കണ്ടാൽതന്നെ പലരുടെയും ഉറക്കം പോകും. എന്നാൽ, വീടിനുള്ളിൽ സ്വതന്ത്രമായി പാമ്പുകളെ കയറിയിറങ്ങാൻ അനുവദിക്കുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. മഹാരാഷ്‌‌ട്രയിലെ പൂനെയിൽനിന്ന് 200 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഷെത്‌ഫാൽ ഗ്രാമത്തിലെ വീടുകളിലാണ് പാമ്പുകൾ സ്വൈര്യവിഹാരം നടത്തുന്നത്.

ആദരണീയരായ അതിഥികളായാണ് ഓരോ ഗ്രാമവാസികളും പാമ്പുകളെ സ്വീകരിക്കുന്നത്. വിശ്വാസങ്ങൾക്കും സർപ്പാരാധനയ്‌ക്കും പ്രാധാന്യം നൽകുന്ന പാരമ്പര്യമാണ് ഷെത്‌പാൽ നിവാസികളുടേത്. എല്ലാ വീടുകളിലും മൂർഖൻ പാമ്പുകൾക്ക് വിശ്രമിക്കാനായി ഒരിടം തന്നെ ഗ്രാമവാസികൾ ഒരുക്കാറുണ്ട്. ഈ സ്ഥലത്തെ ദേവസ്ഥാനമായാണ് ഗ്രാമവാസികൾ കണക്കാക്കുന്നത്. പുതുതായി വീട് വയ്‌ക്കുന്നവർ ഈ ഇടം പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഗ്രാമത്തിലെ സ്‌കൂളുകളിലേക്കും പാമ്പുകൾ എത്താറുണ്ട്. കുട്ടികൾക്കുപോലും അവയെ ഭയമില്ലെന്നുള്ളതാണ് ഏറ്റവും വിസ്‌മയിപ്പിക്കുന്ന കാര്യം.

ഏകദേശം 2700 പേരാണ് ഇവിടെ താമസിക്കുന്നത്. ഗ്രാമത്തിന്റെ മുക്കിനും മൂലയിലും പാമ്പുകളുടെ സാന്നിദ്ധ്യമുണ്ട്. വരണ്ടസമതല പ്രദേശമായതിനാലാണ് ഇവിടെ ഇത്രയധികം പാമ്പുകളുള്ളത്. എന്നാൽ, ഇന്നുവരെയും ഗ്രാമവാസികളിൽ ഒരാൾക്കുപോലും പാമ്പുകടിയേറ്റില്ലെന്ന് നാട്ടുകാർ അവകാശപ്പെടുന്നു. നാഗപഞ്ചമി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമവാസികൾ പാമ്പുകൾക്ക് പഴങ്ങളും മധുരപലഹാരങ്ങളും നൽകി പൂജിക്കുന്നു. സാധാരണയായി ജൂലായ്, ഓഗസ്‌റ്റ് മാസങ്ങളിലായിരിക്കും നാഗപഞ്ചമി ആഘോഷിക്കുന്നത്. മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഈ അപൂർവ്വചങ്ങാത്തം കാണുന്നതിനായി ജില്ലയ്‌ക്കുപുറത്തുനിന്നുപോലും ധാരാളംപേർ ഇവിടേയ്‌ക്ക് എത്താറുണ്ട്. സമീപകാലങ്ങളിൽ ആത്മീയതയ്‌ക്കും സംസ്‌കാരത്തിനും ഊന്നൽ നൽകി വളർന്നുവരുന്ന ഒരു പരിസ്ഥിതി ടൂറിസം കേന്ദ്രമായും ഷെത്‌ഫൽ ശ്രദ്ധനേടിയിട്ടുണ്ട്.