സംസ്ഥാനത്ത് വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോഡിലേക്ക്

Thursday 09 April 2026 7:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ആവേശപൂർവം വിധിയെഴുതി. പോളിംഗ് സമയം അവസാനിച്ചെങ്കിലും വിവിധയിടങ്ങളിൽ വോട്ടെടുപ്പ് തുടരുകയാണ്. ആറു മണി വരെ ക്യൂവിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയിരുന്നു. വൈകിട്ട് അഞ്ച് മണിവരെ കേരളത്തിൽ 75.01 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. വോട്ടെണ്ണലിന് 25 ദിവസം കാത്തിരിക്കണം. മേയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.

സംസ്ഥാനത്തെ 140 മണ്ഡലങ്ങലിലെ 30495 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 2.71 കോടി വോട്ടർമാരാണ് വോട്ടർപട്ടികയിൽ ഉള്ളത്. ആയിരത്തോളം ബൂത്തുകളിൽ ഇപ്പോഴും വോട്ടർമാരുടെ ക്യൂ തുടരുന്നതിനാൽ പോളിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം പോളിംഗ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. 2021ലെ തിരഞ്ഞെടുപ്പിൽ 74.06 ശതമാനമായിരുന്നു പോളിംഗ്.