'യുഡിഎഫ് 50 തൊടില്ല, കേരളത്തില്‍ തൂക്കുസഭ; എന്‍ഡിഎ നിര്‍ണായക ശക്തിയാകും'

Thursday 09 April 2026 8:51 PM IST

തിരുവനന്തപുരം: കേരളത്തില്‍ നൂറ് സീറ്റില്‍ അധികം നേടുമെന്ന രണ്ട് മുന്നണികളുടേയും അവകാശവാദം തള്ളി ബിജെപി. കേരളത്തില്‍ തൂക്കുസഭ വരുമെന്നും എന്‍ഡിഎ നിര്‍ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ആരാണ് സി.പി.എമ്മിന് മൂന്നാം തവണയും അവസരം നല്‍കാന്‍ പോകുന്നത്. എന്ത് കണ്ടിട്ടാണ് വോട്ട് കൊടുക്കേണ്ടത്. എവിടെ നിന്നാണ് ഇത്രയും സീറ്റ് കിട്ടുമെന്ന് ഇവര്‍ പറയുന്നത്. ക്യൂബയിലാണോ നൂറ് സീറ്റ് ഉള്ളതെന്നറിയില്ല. ഇത് സാമാന്യ ബുദ്ധിയുടെ വിഷയമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

നിയമസഭയില്‍ ബഹളമുണ്ടാക്കാനോ, കമ്പ്യൂട്ടറുകള്‍ അടിച്ചുതകര്‍ക്കാനോ, സ്പീക്കറുടെ മേശപ്പുറത്ത് കയറി ഭരതനാട്യം കളിക്കാനോ അല്ല എന്‍ഡിഎ അവസരം തേടുന്നത്. മറിച്ച് ജനങ്ങളെ സേവിക്കാനും, മലയാളികളുടെ ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, എല്ലാവര്‍ക്കും വേണ്ടിയൊരു വികസിത കേരളം കെട്ടിപ്പടുക്കാനുമുള്ള അവസരമാണ് തങ്ങള്‍ ചോദിക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് 50 സീറ്റ് കടക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിനെ സംബന്ധിച്ച് നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് നടന്നതെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും ഒരു വിവാദമുണ്ടാക്കുകയെന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം പരിപാടിയാണെന്നും അതാണ് കഴിഞ്ഞ ദിവസം പാലക്കാട് കണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.