അങ്കമാലിയിൽ പോളിംഗ് സമാധാനപരം

Friday 10 April 2026 1:03 AM IST

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ പോളിംഗ് സമാധാനപരം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. വൈകീട്ട് ഏഴുവരെയുള്ള കണക്കുകൾ പ്രകാരം അങ്കമാലിയിൽ 75.44 ശതമാനമാണ് പോളിംഗ്. 2021ൽ 78.16 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് ബൂത്തുകളിൽ പൊതുവേ തിരക്ക് കുറവായിരുന്നു. രാവിലെ മാത്രമാണ് ചെറിയ തിരക്കുണ്ടായത്. ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചതാണ് തിരക്ക് കുറയാൻ കാരണമായത്.

അങ്കമാലി നിയോജകമണ്ഡലത്തിൽ മുൻപ് 155 ബൂത്തുകളാണുണ്ടായിരുന്നത്. ഇക്കുറി ഇത് 217ആയി വർദ്ധിപ്പിച്ചു. 1200 വോട്ടുകളുണ്ടായിരുന്ന ബൂത്തുകളെല്ലാം രണ്ടായി വിഭജിച്ചു. അതിനാൽ വോട്ടർമാർക്ക് അധികനേരം ക്യൂ നിൽക്കാതെ വോട്ടുചെയ്യാനായി.

അങ്കമാലി ഹോളി ഫാമിലി സ്‌കൂളിൽ അഞ്ച് ബൂത്തുകളുണ്ടായിരുന്നു. ഇതിൽ 125-ാം നമ്പർ ബൂത്തിൽ തിരക്കുണ്ടായിരുന്നു. അങ്കമാലി സെന്റ് ജോസഫ് സ്‌കൂളിൽ 124-ാം നമ്പർ ബൂത്തിലും തിരക്കുണ്ടായി. ആഴകം ഗവ. യു.പി സ്‌കൂൾ 71-ാം നമ്പർ ബൂത്തിൽ രാവിലെ ഒരു മണിക്കൂർ നേരം വോട്ടിംഗ് യന്ത്രം പണിമുടക്കി. മെഷീൻ മാറ്റിവെച്ച് പ്രശ്‌നം പരിഹരിച്ചു. കോതകുളങ്ങര എൽ.പി സ്‌കൂൾ ബൂത്തിൽ രാവിലെ പത്ത് മിനിറ്റ് നേരം മെഷീൻ തകരാറിലായി.