വോട്ടിംഗ് മെഷീനുകൾ ത്രിതല സുരക്ഷയുള്ള 43 കേന്ദ്രങ്ങളിൽ

Friday 10 April 2026 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകൾ 43 കേന്ദ്രങ്ങളിലായാണ് സൂക്ഷിക്കുക. കേന്ദ്രസേന,സംസ്ഥാനപൊലീസ്,വെബ് അധിഷ്ഠിത നിരീക്ഷണം എന്നിങ്ങനെ ത്രിതല സുരക്ഷാ വലയത്തിലാണ് ഇവ സംരക്ഷിക്കുന്നത് .പ്രത്യേകം നിർമ്മിച്ച സ്ട്രോംഗ് റൂമുകളിലാണ് ഇനിയുള്ള 24 ദിവസം ഇവയുടെ വിശ്രമം. എന്നാൽ വോട്ടെണ്ണലിന് ഓരാേ മണ്ഡലത്തിനും പ്രത്യേകം കേന്ദ്രം സജ്ജമാക്കും.

#വോട്ടെടുപ്പ് കഴിഞ്ഞാൽ മെഷീൻ അടയ്ക്കും. ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തും. അത് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും ഏജന്റുമാരെ ബോധ്യപ്പെടുത്തും. അതിനുശേഷം മെഷീൻ മുദ്രവയ്ക്കും.

# മുദ്രവയ്ക്കാൻ ഉപയോഗിക്കുന്ന പേപ്പർ സീലുകളുടെ നമ്പരുകൾ ഏജന്റുമാരും ഉദ്യോഗസ്ഥരും എഴുതി രേഖപ്പെടുത്തും. അതിനുശേഷം സീലിൽ പ്രിസൈഡിംഗ് ഓഫീസറും ഏജന്റുമാരും ഒപ്പ് വയ്ക്കും.

സീൽ ചെയ്ത മെഷീനുകളും അനുബന്ധപേപ്പറുകളും സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കും.

# വോട്ടെണ്ണൽ ദിവസം പുറത്തെടുക്കും. രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മെഷീന്റെ സീൽ പരിശോധിക്കും. പേപ്പർ സീലിലുള്ളത് വോട്ടെടുപ്പ് ദിവസം രേഖപ്പെടുത്തിയ നമ്പർ തന്നെയാണോ, ഏജന്റ് ഇട്ട ഒപ്പ് കൃത്യമായി അവിടെ ഉണ്ടോ എന്നും രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്നവർ ഉറപ്പാക്കും.

# സീൽ പൊട്ടിച്ച് മെഷീനിൽ കൗണ്ട് എന്ന സ്വിച്ചിൽ വിരൽ അമർത്തുന്നതോടെ ഓരോ സ്ഥാനാർത്ഥിയ്ക്കും ലഭിച്ച വോട്ടുകൾ ഡിസ്‌പ്ലേയിൽ തെളിയും. തുടർന്ന് ആ മെഷീനിൽ വോട്ടുചെയ്ത സമയത്ത് സമാന്തരമായി പേപ്പറിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. മെഷീനിലും പേപ്പർ ബാലറ്റിലും ഓരോ സ്ഥാനാർത്ഥിയ്ക്കും ലഭിച്ച വോട്ടുകളുടെ എണ്ണം ഒന്നു തന്നെയാണോ എന്ന് ഒത്ത് നോക്കും.

# വോട്ടിംഗിനിടയ്ക്ക് പ്രവർത്തന രഹിതമായ മെഷീന് പകരം പുതിയ മെഷീൻ സജ്ജീകരിച്ചാലും ആദ്യത്തെ വോട്ടുകൾ പഴയ മെഷീനിൽ ഉണ്ടായിരിക്കും. ഇവ രണ്ടും മുദ്രവച്ച് സൂക്ഷിക്കും. വോട്ടെണ്ണൽ സമയത്ത് കേടായ മെഷിന്റെ മെമ്മറി കാർഡ് പുറത്തെടുത്ത് വോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തും.ഒന്നിലധികം മെമ്മറി കാർഡുകളിൽ സമാന്തരമായി വോട്ടുകളുടെ എണ്ണം സൂക്ഷിക്കുന്നതിനാൽ ഒരു മെമ്മറി കാർഡ് പ്രവർത്തനരഹിതമായാലും പ്രശ്നമുണ്ടാകില്ല.