ഇനി കണക്ക് കൂട്ടലും റെസ്റ്റും...
കൊച്ചി: 23 ദിവസം നീണ്ട പ്രചാരണ കോലാഹലങ്ങൾക്കും വോട്ടെടുപ്പിനും ഒടുവിൽ സ്ഥാനാർത്ഥികൾക്ക് ഇന്നലെയോടെ താത്കാലിക ആശ്വാസം. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് താത്കാലിക വിരാമമായെങ്കിലും ഇന്നും നാളെയുമെല്ലാം സ്ഥാനാർത്ഥികൾക്ക് പണികൾ ബാക്കിയാണ്. മുന്നണി ഏജന്റുമാരും പ്രാദേശിക നേതൃത്വങ്ങളും നൽകുന്ന കണക്കുകളുടെ അവലോകനമാണ് പ്രധാനം. ഓരോ ബൂത്തിന്റെയും ചുമതലയുള്ളവർ നൽകുന്ന കണക്കുകൾ ഇന്നും നാളെയുമായി ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾക്ക് കൈമാറും.
ഇതിനുശേഷം മേയ് നാല് വരെയുള്ള കാത്തിരിപ്പാകും. ജില്ലയിലെ സ്ഥാനാർത്ഥികളിൽ ഏറെപ്പേരും ഇന്നും നാളെയും ഔദ്യോഗിക പാർട്ടി പരിപാടികളിൽ തന്നെയാണ്.
കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസ് ഇന്ന് തിരഞ്ഞെടുപ്പ് അവലോകനത്തിലാണ്. സ്വന്തം മണ്ഡലത്തിലെയും മറ്റ് മണ്ഡലങ്ങളിലെയും അവസാനവട്ട കണക്കുകൂട്ടലുകളിൽ ഷിയാസ് ഇന്നും നാളെും സജീവമാകും.
മൂവാറ്റുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ. അരുണും ഇന്ന് തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളിലാകും. ഇന്ന് മണ്ഡലത്തിൽ തുടരുന്ന അരുൺ നാളെ തിരുവനന്തപുരത്തേക്ക് തിരിക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് എൻ. അരുൺ.
മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടനും തിരഞ്ഞെടുപ്പ് വിലയിരുത്തലുകളിലാകും. വൻ ഭൂരിക്ഷമാണ് പ്രതീക്ഷയിൽ. കുടുംബത്തിനൊപ്പം ഇന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്യും. മറ്റ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടില്ല.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഇന്ന് മണ്ഡലത്തിൽ തുടരും. ജില്ലാതല അവലോകന യോഗത്തിൽ ഉൾപ്പെടെ പങ്കെടുക്കും. മറ്റ് പരിപാടികൾ തീരുമാനിച്ചിട്ടില്ല. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമായ ദീപക് ജോയ് ഇന്ന് രാവിലെ കോർപ്പറേഷനിലേക്ക് പോകും. യാത്രകളൊന്നും തീരുമാനിച്ചിട്ടില്ല. വിജയം ഉറപ്പെന്ന് സ്ഥാനാർത്ഥി കേരളകൗമുദിയോട് പറഞ്ഞു.
എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദും ഇന്ന് മണ്ഡലത്തിൽ തുടരും. തിരഞ്ഞെടുപ്പ് വിലയിരുത്തലുകൾക്കും കണക്കുകൂട്ടലുകൾക്കും ശേഷമേ അടുത്ത ദിവസങ്ങളിലെ പരിപാടികൾ തീരുമാനിക്കൂ.