140സീറ്റിലെ തിരഞ്ഞെടുപ്പ് ഇനിയുണ്ടായേക്കില്ല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 140 സീറ്റ് ഇനിയുണ്ടായേക്കില്ല. 33ശതമാനം വനിതാ സംവരണം നടപ്പായാൽ കേരളത്തിൽ നിയമസഭാ സീറ്റുകൾ 210വരെ ആയേക്കാം. ലോക് സഭാ സീറ്റുകൾ 20ൽ നിന്ന് മുപ്പതായും ഉയർന്നേക്കാം.
2027ലെ സെൻസസ് പ്രകാരം നടപ്പാക്കാൻ പാർലമെന്റിൽ നിയമം പാസാക്കിയെങ്കിലും, അതു ഭേദഗതി ചെയ്ത്
2011ലെ സെൻസസ് ആധാരമാക്കി കഴിവതും വേഗം നടപ്പാക്കാനാണ് കേന്ദ്ര നീക്കം.
ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്റ് മണ്ഡലങ്ങളും അതനുസരിച്ച് നിയമസഭാ നിയോജക മണ്ഡലങ്ങളും പുനർനിർണയത്തിൽ മാറും. ജനസംഖ്യ 2.13 കോടിയായിരുന്നപ്പോഴാണ് കേരളത്തിൽ 140 മണ്ഡലങ്ങൾ നിശ്ചയിച്ചത്. 2011-ലെ ജനസംഖ്യ 3.34 കോടിയാണ്. 1977ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി 140 അംഗങ്ങളെ തിരഞ്ഞെടുത്തത്. 2008ൽ പുനർനിർണയം നടത്തിയെങ്കിലും മണ്ഡലങ്ങളുടെ അതിർത്തികൾ മാറിയതല്ലാതെ എണ്ണത്തിൽ മാറ്റമുണ്ടായില്ല.