അടൂരിൽ വോട്ടെടുപ്പ് സമാധാനപരം

Thursday 09 April 2026 11:53 PM IST

അടൂർ : അടൂരിലെയും സമീപ പഞ്ചായത്തുകളിലെയും വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.വ്യാജനോട്ടിസ് വിവാദം അവസാന ദിവസങ്ങളിൽ സംഘർഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചതിനാൽ വോട്ടെടുപ്പ് ദിനത്തിൽ എല്ലാ ബൂത്തിലും പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. രാവിലെ മുതൽ മിക്കബൂത്തിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. 11 മണിക്ക് മുൻപ് വോട്ട് ചെയ്ത് മടങ്ങാൻ വോട്ടർമാർ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. എല്ലാ ബൂത്തുകളിലും വോട്ടർമാർക്ക് ദാഹമകറ്റാൻ കുടിവെള്ളം സജ്ജീകരിച്ചിരുന്നു. .2016 ലും 2021 ലും നിയമസഭ തിരഞ്ഞെടുപ്പുകളിൽ അടൂർ നിയോജകമണ്ഡലത്തിലെ ആകെ പോളിംഗ് നിലയിൽ നാമമാത്രമായ വ്യത്യാസമാണ് ഉണ്ടായത്.2016 ൽ 74 % വരെ പോളിംഗ് അടൂരിൽ രേഖപ്പെടുത്തിയപ്പോൾ 2021 ൽ 75% പോളിംഗാണ് രേഖപ്പെടുത്തപ്പെട്ടത്. 2021 ൽ യു ഡി എഫ് വോട്ട് വിഹിതം 32 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക് വളരുകയും ചെയ്തിരുന്നു.ഈ വർദ്ധനവിലാണ് യു ഡി എഫ് ഇക്കുറിയും പ്രതീക്ഷ അർപ്പിക്കുന്നത്.എൻ ഡി എ വോട്ട് വിഹിതം 2021 ൽ ഒരു ശതമാനം കുറഞ്ഞിരുന്നു.എൽ ഡി എഫ് വോട്ട് വിഹിതത്തിൽ 7 ശതമാനത്തിന്റെ കുറവാണ് 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടായത്.ഈ വോട്ട് ശതമാന കണക്കിലെ കണക്ക് കൂട്ടലിലാണ് മൂന്ന് മുന്നണികളും എൻ ഡി എ യുടെ വോട്ട് വിഹിതം വർദ്ധിച്ചാൽ എന്താണ് സംഭവിക്കുക എന്നതും രാഷ്ട്രീയ കൗതുകമാണ്.അടൂർ മണ്ഡലത്തിൽ പൊതുവെയുള്ള 74 മുതൽ 75 % വരെ പോളിംഗ് ശതമാനമാണ് അടൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായത്.ഇക്കുറി പോളിംഗ് ശതമാനം മാറി മറിയുമോ എന്ന ആകാംക്ഷയിലാണ് അടൂരിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ